ഒരു ജീവൻകൂടി പൊലിഞ്ഞു; അപകട മേഖലയായി കോലഴി
text_fieldsതൃശൂർ: തൃശൂർ-ഷൊർണൂർ റോഡിൽ കോലഴി പൂവ്വണിയിലും ഡോക്ടർ പടി, കരാമ ബസ് സ്റ്റോപ് എന്നിവിടങ്ങളിലെ വാഹനത്തിരക്കിനെത്തുടർന്ന് അപകടങ്ങൾ നിത്യസംഭവം. മേഖലകളിൽ രണ്ടുവർഷത്തിനിടെ പത്തോളം മരണവും 100 ലധികം അപകടങ്ങളും ഉണ്ടായി. കഴിഞ്ഞ ദിവസം റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് മരിച്ച ശിവദാസൻ ആണ് അവസാന രക്തസാക്ഷി. ചിന്മയ സ്കൂൾ, ചിന്മയ കോളജ് തുടങ്ങിയ ഇടങ്ങളിലേക്കുള്ള കുട്ടികൾ വാഹനം കയറുന്ന സ്റ്റോപ്പാണ് കോലഴി, പൂവണി സെന്ററുകളിലുള്ളത്.
നിരന്തരം വാഹനാപകടങ്ങളും മരണങ്ങളും വർധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങളുടെ അമിത വേഗത തടയാനുള്ള ‘റമ്പിൾ സ്ട്രീപ്പ്’ സ്ഥാപിക്കണമെന്നും ഡിവൈഡറുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് വകുപ്പുമന്ത്രിക്കും റോഡ് സേഫ്റ്റി അതോറിറ്റിക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം സന്തോഷ് കോലഴി പറഞ്ഞു. കഴിഞ്ഞ ദിവസം കോലഴി സെന്ററിൽ മുറിച്ചുകടക്കവേ വാഹനമിടിച്ച് ശിവദാസൻ മരിച്ചതറിഞ്ഞ് രാത്രിയോടെ പൊതുമരാമത്ത് ജീവനക്കാരെത്തി റോഡിൽ സീബ്രാലൈൻ വരച്ചു. അപകടത്തിന് കാരണമാക്കിയ പി.ഡബ്ല്യു.ഡി അധികൃതർക്കെതിരെ കേസ് എടുക്കണമെന്ന് കോലഴി മേഖല കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

