പന്നിത്തടം ജങ്ഷനിൽ വീണ്ടും വാഹനാപകടം;ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ ആറുപേർക്ക് പരിക്ക്
text_fieldsപന്നിത്തടം (തൃശൂർ): ബൈപാസ് ജങ്ഷനിൽ സ്വകാര്യ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ ആറുപേർക്ക് പരിക്കേറ്റു. കാസർകോട് സ്വദേശികളായ സുഫി, അബ്ബാസ്, മുഹമ്മദ്കുഞ്ഞ്, ഹസൈനാർ, അബ്ദുൽ ഖാദർ, അബ്ദുല്ല എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വെള്ളറക്കാട് യൂത്ത് വോയ്സ് ആംബുലൻസ് പ്രവർത്തകരും അൽ അമീൻ ആംബുലൻസ് പ്രവർത്തകരും ചേർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അബ്ബാസിനെയും സൂഫിയെയും കോട്ടക്കൽ മിംസ് ആശുപത്രിയിലേക്കും മുഹമ്മദ് കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. തലക്ക് പരിക്കേറ്റ അബ്ബാസ് ഗുരുതരാവസ്ഥയിലാണ്.
ബംഗളൂരു-ഗുരുവായൂർ റൂട്ടിൽ സർവിസ് നടത്തുന്ന കേരള ലൈൻസ് ടൂറിസ്റ്റ് ബസും കാന്തപുരം വിഭാഗം സമസ്‌ത കേരളയാത്രയുടെ സമാപന സമ്മേളനം കഴിഞ്ഞ് തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് പോകുന്നവർ സഞ്ചരിച്ച കാറുമാണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച രാവിലെ 6.55നാണ് അപകടം. വടക്കാഞ്ചേരി ഭാഗത്തുനിന്ന് വരുകയായിരുന്ന ബസും കേച്ചേരി ഭാഗത്തുനിന്ന് വരുകയായിരുന്ന മാരുതി എർട്ടിഗ കാറും ജങ്ഷന് മധ്യേ കൂട്ടിയിടിക്കുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ അഞ്ചിന് ഇതേ സ്ഥലത്ത് അയ്യപ്പന്മാർ സഞ്ചരിച്ച ബസും മിനിലോറിയും കാറും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്കേറ്റിരുന്നു. തുടർച്ചയായി രണ്ടാം ദിവസവും പത്തു ദിവസത്തിനിടെ മൂന്നാം തവണയുമാണ് പന്നിത്തടം ബൈപാസ് ജങ്ഷനിൽ രാത്രി വാഹനാപകടമുണ്ടാകുന്നത്. രാത്രി 11ന് ഓഫാകുന്ന ട്രാഫിക് സിഗ്നൽ രാവിലെ ഏഴിനാണ് തുടർന്ന് പ്രവർത്തിക്കുക. ഈ സമയത്തിനിടയിലാണ് അപകടം നടക്കുന്നത്. പന്നിത്തടം ജങ്ഷനിൽ അപകടങ്ങൾ നിത്യസംഭവമായി മാറിയതിനാൽ സിഗ്നൽ ലൈറ്റിന്റെ പ്രവർത്തനം 24 മണിക്കൂറാക്കി മാറ്റണമെന്നും റോഡിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പന്നിത്തടം ജങ്ഷനിൽ അപകടങ്ങള്‍ തുടർക്കഥ നടപടി സ്വീകരിക്കും -എ.സി. മൊയ്തീന്‍ എം.എല്‍.എ
പന്നിത്തടം: ചാവക്കാട്-വടക്കാഞ്ചേരി സംസ്ഥാന ഹൈവേയിലെ പന്നിത്തടം ജങ്ഷനിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ പരിഹരിക്കാൻ നടപടികള്‍ സ്വീകരിക്കാന്‍ എ.സി. മൊയ്തീന്‍ എം.എല്‍.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി. ആവശ്യമായ സുരക്ഷ മാര്‍ക്കിങ്ങുകളും ജങ്ഷന്‍ സൂചനകളും സിഗ്നല്‍ സംവിധാനങ്ങളുമുണ്ടെങ്കിലും അമിത വേഗതയും അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്ന് പൊലീസും സാങ്കേതിക വിദഗ്ധരും അറിയിച്ചിരുന്നു.
സിഗ്നല്‍ സംവിധാനം കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച സാങ്കേതികതകള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ കെല്‍ട്രോണിനോട് എം.എല്‍.എ ആവശ്യപ്പെട്ടു. വടക്കാഞ്ചേരി-ചാവക്കാട്, കേച്ചേരി-അക്കിക്കാവ് റോഡുകൾ ക്രോസ് ചെയ്ത് പോകുന്ന പന്നിത്തടം ജങ്ഷനിലെ നാല് വശവും റബ്ബറൈസ്‍ ചെയ്ത ഹമ്പുകള്‍ അടിയന്തിരമായി സ്ഥാപിക്കാൻ കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥരോടും നിർദേശിച്ചിട്ടുണ്ട്.
അമിത വേഗതമൂലം ഉണ്ടാകുന്ന അപകടങ്ങള്‍ കുറക്കാൻ ശക്തമായ നിരീക്ഷണ കാമറ സംവിധാനം ഒരുക്കാനും അപകടങ്ങൾ ലഘൂകരിക്കാനും നടപടികള്‍ സ്വീകരിക്കാൻ പൊലീസ്, സാങ്കേതിക വിദഗ്ധര്‍, കെ.ആര്‍.എഫ്.ബി എന്നിവരുടെ യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കാനും എം.എല്‍.എ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

