ആൻമരിയക്ക് അഭിനന്ദന പ്രവാഹം; 'നിശബ്ദ' വിജയാരവത്തിൽ കുടുംബം
text_fieldsആൻമരിയ
അഭിനന്ദന പ്രവാഹവും സഹായ വാഗ്ദാനങ്ങളും എത്തിയതോടെ നിശബ്ദമായ ആഹ്ലാദത്തിലാണ് ആൻമരിയയുടെ കാടുകുറ്റി വൈന്തലയിലെ കൂടാരപ്പള്ളി ഭവനം. എല്ലാ അംഗങ്ങളും പൂർണ ബധിരരായ കുടുംബത്തിൽ പ്ലസ് ടു പരീക്ഷയിൽ 1200 മാർക്കും നേടിയ ആൻമരിയക്ക് അഭിനന്ദന പ്രവാഹമാണിപ്പോൾ. ആൻമരിയയുടെ 100 ശതമാനം തകർപ്പൻ വിജയം വിധിയെ തോൽപ്പിച്ച് നേടിയതാണ്. കാലടിയിലെ ഭിന്നശേഷിക്കാരുടെ വിദ്യാലയമായ സെൻറ് ക്ലയർ ഓറൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്നാണ് പ്ലസ് ടു വിജയം കൈവരിച്ചത്.
10ാം ക്ലാസിൽ എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയായിരുന്നു ആൻമരിയ വിജയിച്ചത്. കാടുകുറ്റി സ്വദേശിയായ ക്രിസ്റ്റിയാണ് പിതാവ്. തയ്യൽ ജോലിയിൽനിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം പുലരുന്നത്. അമ്മ ടെസ്സി. പഠിക്കാൻ മിടുക്കനായ ഏക സഹോദരൻ അതുൽ തിരുവനന്തപുരത്ത് ബി.എസ്സി വിദ്യാർഥിയാണ്. കുടുംബത്തിൽ ആർക്കും കേൾക്കാനും സംസാരിക്കാനുമുള്ള കഴിവില്ല എന്നതാണ് ദുഃഖം.
വിജയത്തിനിടയിലും ആൻമരിയയുടെ തുടർപഠന സംബന്ധമായ ചില സങ്കടങ്ങൾ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ആ കുടുംബത്തെ ഉലച്ചിരുന്നു. വിവരമറിഞ്ഞ കാടുകുറ്റി പഞ്ചായത്ത് പ്രസിഡൻറ് പ്രിൻസി ഫ്രാൻസിസ് വീട്ടിലെത്തി കാഷ് അവാർഡ് നൽകി. സനീഷ് കുമാർ ജോസഫ് എം.എൽ.എ തിരുവനന്തപുരത്ത് നിന്ന് സമ്മാനം കൊടുത്തയച്ചു. പഠനത്തിൽ സഹായമായി ഫിലോകാലിയ ഫൗണ്ടേഷൻ ലാപ്ടോപ് സമ്മാനിച്ചു. ഇവർക്ക് നേരത്തെ വീടു നിർമിച്ചു നൽകിയ ചാലക്കുടി റോട്ടറി ക്ലബ് ഒരു വർഷത്തെ പഠനത്തിെൻറ ഫീസ് നൽകാമെന്നേറ്റു. സി.പി.എം പാളയം പറമ്പ് ബ്രാഞ്ച് 5,000 രൂപ നൽകി. ആൻമരിയയുടെ വിജയത്തിൽ നാട് ഹൃദയത്തിെൻറ ഭാഷയിൽ അർപ്പിക്കുന്ന അഭിനന്ദനങ്ങൾക്കും സഹായങ്ങൾക്കും പകരം വാക്കുകൾ കിട്ടാതെ ഉഴറുകയാണ് ഇപ്പോൾ ആ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

