വികസനം കൊതിച്ച് അഞ്ചലങ്ങാടി; പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം
text_fieldsആളൂർ അഞ്ചലങ്ങാടി
മാള: വികസനം നാലയലത്തുപോലും എത്താതെ ആളൂർ അഞ്ചലങ്ങാടി ഗ്രാമം. മാള ബ്ലോക്കിൽ ഏറ്റവും അധികം വാർഡുകൾ ഉള്ള പഞ്ചായത്താണ് ആളൂർ. ആകെ 23 വാർഡുകളുണ്ട്. നാല് ഭാഗത്തക്കും ചെറിയ റോഡുകൾ ഉണ്ട്. എന്നാൽ, ബസ് സർവിസ് പേരിനുപോലുമില്ല.
2018 ലെ പ്രളയകാലത്താണ് അഞ്ചലങ്ങാടി ഗ്രാമം ശ്രദ്ധേയമായത്. പുഴയില്ലാത്ത ഗ്രാമത്തിൽ നിരവധി പേരാണ് അഭയം തേടിയത്. ആളൂർ പഞ്ചായത്ത് വാർഡ് 11ലെ അഞ്ചലങ്ങാടി ഭൂതകാലത്തെ അനുസ്മരിക്കുന്ന വിധം മാറ്റമില്ലാത്ത അവസ്ഥയിലാണ്. ആവശ്യത്തിന് പലവ്യഞ്ജനങ്ങൾ പോലും ഇവിടെ ലഭ്യമല്ലാത്ത അവസ്ഥയാണ്.
നാലു ഭാഗത്തുനിന്നും റോഡുകൾ വന്ന് ചേരുന്നിടത്ത് കവലയുണ്ട്. ഇതാണ് അഞ്ചലങ്ങാടിയായി അറിയപ്പെടുന്നത്. ആളൂർ, ചാലക്കുടി, കൊടകര, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡുകളാണിവ. സ്കൂൾ, വില്ലേജ്, പഞ്ചായത്ത്, ആരോഗ്യ സെന്ററുകൾ തുടങ്ങിയവയിൽ എത്താൻ കിലോ മീറ്ററുകളുടെ ദൂരമുണ്ട്. നാട്ടുകാർ പലപ്പോഴും നടന്നാണ് അടുത്ത ജങ്ഷനിൽ എത്തുന്നത്. അഞ്ചലങ്ങാടിയിലേക്ക് വിവരങ്ങൾ എത്താൻ ആദ്യകാലത്ത് അനുവദിച്ച പോസ്റ്റ് ഓഫിസ് ഇന്നും ഇവിടെയുണ്ട്. റേഷൻ കടയും സ്വകാര്യ വ്യക്തികളുടെ ഏതാനും കടകളും ഉണ്ട്. എസ്.എൻ.ഡി.പി ഓഫിസ്, കപ്പേള എന്നിവയും ചേർത്താൽ സ്ഥാപനങ്ങൾ പൂർണമായി. തിരുവിതാംകൂർ-കൊച്ചി ഭരണകാലത്ത് കത്തുകൾ കൊണ്ടു പോകുന്നതിന് ഇവിൂടെ അഞ്ചലോട്ടകാരൻ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു.
വേനൽക്കാലത്ത് പ്രദേശത്ത് രൂക്ഷമായ ജലക്ഷാമമാണ്. അഞ്ചലങ്ങാടിയെ പൈതൃക പദ്ധതിയിൽപ്പെടുത്തി വികസനം നടപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

