ഉദ്ഘാടനം കഴിഞ്ഞിട്ട് ആറ് മാസം; മുറികൾ ചോർന്നൊലിക്കുന്നു; ആനന്ദപുരം ഗവ.ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ
text_fieldsആനന്ദപുരം: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആനന്ദപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടങ്ങൾ അപകടാവസ്ഥയിൽ. കഴിഞ്ഞ ജനുവരി 10 നാണ് കെട്ടിടം ഉദ്ഘാടനം ചെയ്ത് രോഗികൾക്കായി തുറന്നു കൊടുത്തത്. ഉദ്ഘാടനം കഴിഞ്ഞ് ആദ്യത്തെ മഴക്ക് തന്നെ കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങി.
ഇതോടെ മഴ പെയ്താൽ രോഗികൾ മുറിയിൽ നിന്നും ഒഴിഞ്ഞു പോകേണ്ട അവസ്ഥയാണ്. കെട്ടിടത്തിന്റെ ചുമരുകളിലെല്ലാം മഴവെള്ളം ചോർന്നൊലിച്ച അടയാളങ്ങളാണ്. പുതിയതായി പണിതീർത്ത കെട്ടിടത്തിന്റെ മുകൾ നിലയിലെ മുറികൾ ഇത് വരെയും തുറന്ന് കൊടുത്തിട്ടില്ല.
മുറി ചോർന്നൊലിക്കുന്നതാണ് കാരണം. ഇതിനെ തുടർന്ന് കെട്ടിടത്തിന് മുകളിൽ ട്രസ് വിരിച്ചിരിക്കുകയാണ്. ഗർഭിണികൾക്കും കുട്ടികൾക്കും ആഴ്ചതോറും നൽകുന്ന കുത്തിവെപ്പ് ഇപ്പോഴും നടക്കുന്നത് ഇടിഞ്ഞു വീഴാറായ പഴയ കെട്ടിടത്തിൽ തന്നെയാണ്. മുരിയാട്, പറപ്പൂക്കര പഞ്ചായത്തുകളിലെ ജനങ്ങൾ കൂടുതലായും ആശ്രയിക്കുന്ന ആശുപത്രിയാണിത്.
കെട്ടിട നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുള്ളതായി കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ ഭാരവാഹികളായ തോമസ് തത്തംപിള്ളി, കെ.എ. ഗംഗാദേവി, ശ്രീജിത്ത് പട്ടത്ത്, വിബിൻ വെള്ളയത്ത്, എം.എൻ. രമേശ്, ജോമി ജോൺ, എം. മുരളി, മോളി ജേക്കബ്, എബിൻ ജോൺ, റിജോൺ ജോൺസൺ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

