ഏരിയ സെക്രട്ടറിക്കും കൗൺസിലർക്കുമെതിരായ തെളിവ് ഗൗരവമുള്ളതെന്ന് വിലയിരുത്തൽ
text_fieldsതൃശൂർ: സി.പി.എം തൃശൂർ ഏരിയ സെക്രട്ടറിക്കും കൗൺസിലർക്കുമെതിരായ സാമ്പത്തികാരോപണ പരാതി പരിശോധനക്കായി ജില്ല സെക്രട്ടേറിയറ്റിന് വിട്ടു. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവിന്റെ സാന്നിധ്യത്തിൽ ചേർന്ന പ്രത്യേക ഏരിയ കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്തു. ഏരിയ കമ്മിറ്റിയംഗങ്ങളായ ബിന്നി ഇമ്മട്ടിയും ഇതിനെതിരെ കൗൺസിലർ അനൂപ് ഡേവീസ് കാടയും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക യോഗം.
പരാതിയിലുന്നയിച്ചിരുന്ന ആരോപണങ്ങൾക്ക് രണ്ടുപേരും നൽകിയ തെളിവുകൾ കൂടി പരിശോധിച്ചായിരുന്നു ചർച്ച. രാവിലെ 11.30ഓടെ തുടങ്ങി ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് പ്രാഥമിക ചർച്ച പൂർത്തിയാക്കിയത്. ബിന്നി ഇമ്മട്ടിയും അനൂപ് ഡേവീസ് കാടയും എഴുതി നൽകിയ ആരോപണങ്ങൾക്ക് ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളുമടക്കം ഉണ്ടായിരുന്നു. ബിന്നി ഇമ്മട്ടി നൽകിയ പരാതിക്ക് തെളിവുകളായി ഇ.ഡി കോടതിയിൽ നൽകിയ മൊഴിപ്പകർപ്പുകളടക്കമുള്ളവയുണ്ട്.
ബിന്നി ഇമ്മട്ടിയുടെ മൊബൈൽ ലൊക്കേഷൻ പരിശോധിക്കണമെന്ന ആവശ്യമടക്കം അനൂപ് ഡേവീസ് കാട ചർച്ചയിൽ ആവശ്യപ്പെട്ടു.
കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്ത അനൂപ് ഡേവീസ് കാടയുമായി സാമ്പത്തിക ഇടപാടിന് ഏരിയ സെക്രട്ടറി കൂട്ടുനിന്നെന്ന ആക്ഷേപത്തിനൊപ്പം തൃശൂരിലെ ചില സഹകരണ ബാങ്കുകളിൽ നിന്നും വായ്പ ഏറ്റെടുക്കൽ പ്രവൃത്തിയിൽ ഏരിയ സെക്രട്ടറിക്കും ബന്ധമുണ്ടെന്നതിന്റെ തെളിവുകളും നൽകി. ലഭ്യമായ തെളിവുകൾ ഗൗരവകരമാണെന്നും കൂടുതൽ പരിശോധന വേണമെന്നും ധാരണയായ സാഹചര്യത്തിലാണ് പരാതിയും തെളിവുകളും പരിശോധിക്കാൻ ജില്ല സെക്രട്ടേറിയറ്റിന് വിട്ടത്.
പി.കെ. ബിജുവിനെ കൂടാതെ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.കെ. കണ്ണൻ, ബേബി ജോൺ, ജില്ല സെക്രട്ടറി എം.എം. വർഗീസ്, തൃശൂർ ഏരിയ കമ്മിറ്റി ചുമതലക്കാരൻ കൂടിയായ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഷാജൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ജനുവരി നാലിന് ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു ബിന്നി ഇമ്മട്ടിയോടും അനൂപ് ഡേവീസ് കാടയോടും തെളിവുകൾ കൈമാറാൻ നിർദേശിച്ചത്.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു പരാതി പ്രത്യേകമായി പരിശോധിക്കാൻ നിർദേശിച്ചിരുന്നത്. തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ ഇത് പരിഗണിക്കുന്നത് വൈകിയേക്കുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

