അമൃത് പദ്ധതി ക്രമക്കേട് ആരോപണം; കോർപറേഷനിൽ ഭരണ-പ്രതിപക്ഷ പ്രതിഷേധം
text_fieldsതൃശൂർ: കോർപറേഷന്റെ അമൃത് പദ്ധതിയിൽ 20 കോടിയുടെ അഴിമതി ആരോപണത്തില്‍ ഭരണ -പ്രതിപക്ഷ പ്രതിഷേധം. ബി.ജെ.പി കൗൺസിലർമാരുടെ നേതൃത്വത്തിൽ കോർപറേഷനിൽ ഏകദിന സത്യഗ്രഹം നടത്തി. കോൺഗ്രസ് അംഗങ്ങൾ കഴിഞ്ഞദിവസം മേയറുടെ ചേംബറിൽ കയറി പ്രതിഷേധിച്ചതിനെതിരെയായിരുന്നു എൽ.ഡി.എഫ് കോർപറേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. അമൃത് പദ്ധതിയുടെ ഭാഗമായി 800 എം.എം പൈപ്പ് സ്ഥാപിച്ച് പീച്ചിയിൽനിന്ന് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി. ഇതില്‍ 20 കോടിയുടെ ക്രമക്കേടുണ്ടായെന്നാണ് മുൻ കോർപറേഷൻ സെക്രട്ടറി രാഹേഷ് കുമാറിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം വാര്‍ത്തകളും വന്നിരുന്നു.
ഈ സാഹചര്യത്തിലാണ് ബി.ജെ.പി കൗൺസിലർമാരുടെ നേതൃത്വത്തിൽ കോർപറേഷനിൽ ഏകദിന സത്യഗ്രഹം ആരംഭിച്ചത്. സത്യഗ്രഹം ബി.ജെ.പി ജില്ല പ്രസിഡന്റ് അനീഷ് കെ.കെ. കുമാർ ഉദ്ഘാടനം ചെയ്തു.
കോർപറേഷൻ പാർലമെന്ററി പാർട്ടി ലീഡർ വിനോദ് പൊള്ളാഞ്ചേരി, കൗൺസിലർമാരായ പൂർണിമ സുരേഷ്, എൻ. പ്രസാദ്, ഡോ.വി. ആതിര, ബി.ജെ.പി മധ്യമേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, നോർത്ത് മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ എന്നിവർ സംസാരിച്ചു. കോർപറേഷനിലെ ഗാന്ധിപ്രതിമയിൽ ഹാരാർപ്പണം നടത്തിയായിരുന്നു പ്രതിഷേധ സത്യഗ്രഹം. വിഷയത്തില്‍ വെള്ളിയാഴ്ച പ്രതിപക്ഷം മേയറുടെ ചേംബറിൽ കയറി കസേരയില്‍ കറുത്ത തുണിവിരിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് ശനിയാഴ്ച കോര്പറേഷന് എല്‍.ഡി.എഫ് കമ്മിറ്റി പ്രധിഷേധ മാര്‍ച്ച് നടത്തിയത്.
നഗരത്തിലേക്കുള്ള കുടിവെള്ള പദ്ധതി തകർക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജപ്രചാരണങ്ങളും ജനം തിരിച്ചറിയുക, കെട്ടുകഥകൾ തിരസ്കരിക്കുക എന്നീ മുദ്രാവാക്യങ്ങളുമായാണ് മാർച്ച് നടത്തിയത്. കോർപറേഷനു മുന്നിൽനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി കോർപറേഷൻ ഓഫിസിനു മുന്നിൽ സമാപിച്ചു.
പൊതുയോഗം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്തു. നികുതി, അപ്പീൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സാറാമ്മ റോബ്സൺ അധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, സി.പി.എം തൃശൂർ ഏരിയ സെക്രട്ടറി കെ. രവീന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ കരോളിൻ പെരിഞ്ചേരി, കൗൺസിലർ ഐ. സതീഷ് കുമാർ, ജനതാദൾ-എസ് ജില്ല ജനറൽ സെക്രട്ടറി പ്രീജു ആന്റണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

