നൊമ്പരമായി അലൻ സ്കൂളിൽ
text_fieldsഅലനെ പൊതുപ്രവർത്തകർ സ്കൂളിലേക്ക്
യാത്രയാക്കുന്നു
കാഞ്ഞാണി (തൃശൂർ): പൊന്നുമ്മ നൽകി കൈവീശി യാത്രയാക്കാൻ വീട്ടിൽ അമ്മയുണ്ടായില്ല. കുടയും ബാഗും പിടിച്ച് കൂടെ നടക്കാൻ അച്ഛനുമില്ല. കെട്ടകാലം കവർന്ന മാതാപിതാക്കളുടെ ഓർമയുമായാണ് അലൻ സുഭാഷ് മണലൂർ സെൻറ് ഇഗ്നേഷ്യസ് യു.പി സ്കൂളിലെ ആറാം ക്ലാസിൽ എത്തിയത്.
അഞ്ച് മാസം മുമ്പാണ് അലെൻറ അമ്മ ജിജി കോവിഡ് ബാധിച്ച് മരിച്ചത്. ഒരാഴ്ച പിന്നിട്ടപ്പോൾ അച്ഛൻ മണലൂർ സഹകരണ ബാങ്കിലെ ജീവനക്കാരനായ ചുള്ളിപ്പറമ്പിൽ സുഭാഷും കോവിഡിന് കീഴടങ്ങി. ചെറുപ്രായത്തിൽ തണൽ നഷ്ടപ്പെട്ട അലന് പിന്നെ അഭയമായത് മുത്തച്ഛൻ രാമകൃഷ്ണനും മുത്തശ്ശി വിലാസിനിയുമാണ്. കോവിഡ് ഏൽപിച്ച ആഘാതം തിരിച്ചറിയാനുള്ള പ്രായം അലനായിട്ടില്ല. സ്കൂളിലെത്തണം, കൂട്ടുകാരെ കാണണം, പഠിച്ച് മിടുക്കനാകണം... അതാണിപ്പോൾ മനസ്സിൽ. വലുതാകുമ്പോൾ പൊലീസാകണമെന്നാണ് ആഗ്രഹം.
പഠനത്തിൽ മിടുക്കനായ അലന് പുതിയ ബാഗും കുടയും പുസ്തകവും സമ്മാനിച്ചത് നാട്ടുകാരാണ്. സ്കൂളിലേക്ക് യാത്രയാക്കാൻ മണലൂർ പഞ്ചായത്തംഗം രാഗേഷ് കണിയാംപറമ്പിലും മണലൂർ സഹകരണ ബാങ്ക് ജീവനക്കാരൻ അഭിരാജും എത്തിയിരുന്നു. സ്കൂളിൽ അലനെ അധ്യാപകരും സഹപാഠികളും സ്നേഹപൂർവം വരവേറ്റു.