മതിലകം വീണ്ടും അഖിലേന്ത്യ വോളിബാൾ ആരവങ്ങളിലേക്ക്
text_fieldsമതിലകം: വോളിബാളിന്റെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മതിലകം വീണ്ടും അഖിലേന്ത്യ വോളിബാൾ ആരവങ്ങളിലേക്ക് ചുവടുവെക്കുന്നു. മതിലകം സ്പോർട്സ് അക്കാദമി വേദിയൊരുക്കുന്ന രണ്ടാമത് സീഷോർ അഖിലേന്ത്യ വോളിബാൾ ടൂർണമെന്റ് ഏപ്രിൽ 27 മുതൽ മേയ് മൂന്ന് വരെ മതിലകം സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മേളയിൽ ഇന്ത്യയിലെ പ്രമുഖ പുരുഷ-വനിതാ ടീമു കൾ അണിനിരക്കും.
15000ൽപരം പേർക്ക് കളികാണാനുള്ള വിശാലമായ ഫ്ലഡ്ലിറ്റ് സ്റ്റേഡിയമാണ് ഒരുക്കുന്നത്. പത്തു നിലകളുള്ള ഗാലറിയും കോർട്ടിന് ചുറ്റും കസേരകളും കാണികൾക്കായി ഒരുക്കും. 250പേരുടെ സംഘാടകസമിതി രൂപവത്കരിക്കും. രാജ്യത്ത് ഇതുവരെ നടന്നതിൽവെച്ച് വലിയ ടൂർണമെന്റാക്കണമെന്നാണ് ലക്ഷ്യം. പത്തോളം അനുബന്ധ പരിപാടികൾ സംഘടിപ്പിക്കും. വൈകീട്ട് ആറ് മുതൽ വനിത ടീമിന്റെയും അതിനുശേഷം പുരുഷ ടീമിന്റെയും മത്സരങ്ങൾ നടക്കും. ഏകദേശം 60 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
മയക്കുമരുന്നിനും ലഹരിക്കുമെതിരെയുള്ള പോരാട്ടം കൂടിയാണിതെന്നും ഇ.ടി. ടൈസൺ എം.എൽ.എ, സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ വി.കെ. മുജീബ് റഹ്മാൻ, എം.എ. വിജയൻ, സി.എസ്. രവീന്ദ്രൻ, ഹംസ വൈപ്പിപാടത്ത്, ഷിബു വർഗ്ഗീസ്, പി.എച്ച്. അമീർ, പി.എച്ച്. നിയാസ്, കെ.വൈ. അസീസ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.