വാഴകൃഷിയുടെ മറവിൽ ചാരായം വാറ്റ്: ഒരാൾ പിടിയിൽ
text_fieldsചാരായവും വാറ്റുപകരണങ്ങളുമായി പിടിയിലായ രവി എക്സൈസുകാരോടൊപ്പം
പുത്തൂര്‍: മരോട്ടിച്ചാല്‍ ചുള്ളിക്കവ് ചിറ പ്രദേശത്ത് വാഴകൃഷിയുടെ മറവില്‍ ചാരായ വാറ്റും വിൽപനയും നടക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയില്‍ ഒരാള്‍ പിടിയിലായി. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. വരിക്കത്തറപ്പേല്‍ രവി എന്ന രവീന്ദ്രനാണ് പിടിയിലായത്. വാഴത്തോട്ടത്തില്‍നിന്ന് 10 ലിറ്റര്‍ ചാരായവും 500 ലിറ്റര്‍ വാഷും പിടികൂടി. ഇയാളുടെ കൂട്ടാളി കാര്‍ഗില്‍ ജോയ് ഓടി രക്ഷപ്പെട്ടു.
കരാര്‍ എടുത്ത വാഴകള്‍ വെട്ടാന്‍ എന്ന വ്യാജേന എത്തിയ എക്സൈസുകാര് പുലര്‍ച്ച അഞ്ചോടെ സ്ഥലത്തെത്തിയപ്പോൾ വാഴത്തോട്ടത്തില്‍ ഗ്യസ് സ്റ്റൗ ഉപയോഗിച്ച് വാറ്റ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. പ്രദേശത്ത് ആന ശല്യം ഉള്ളതിനാല്‍ ആരും ഈ ഭാഗത്തേക്ക് എത്താറില്ല. ഇത് മുതലെടുത്താണ് വാറ്റും വിൽപനയും നടന്നിരുന്നത്. അപരിചിതരെ കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരാള്‍ പിടിയിലായി.
തൃശൂര്‍ എക്സൈസ് റേഞ്ച് അസി. എക്സൈസ് ഇന്‍സ്പക്ടര്‍ സി.യു. ഹാരീഷിെൻറ നേതൃത്വത്തില്‍ പ്രിവൻറിവ് ഓഫിസർമാരായ കൃഷ്ണ രാജ്, കെ.എം. സജീവ്, ടി.ആര്. സുനില്‍കുമാര്‍, കെ.വി. രാജേഷ്, സി.ഇ.ഒമാരായ സനീഷ്കുമാര്, ഇര്‍ഷാദ്, ബിബിൻ ചാക്കോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

