വിജയഗാഥ രചിച്ച് ആലത്തൂർ ഞാറ് ഉൽപാദന കേന്ദ്രം
text_fieldsമാള ആലത്തൂരിലെ ഞാറ് ഉൽപാദന കേന്ദ്രം
മാള: നെൽകൃഷിയിൽ വിജയഗാഥ രചിച്ച് മാള ആലത്തൂർ ഞാറ് ഉൽപാദന കേന്ദ്രം. ഒരു പതിറ്റാണ്ടുകാലമായി ഇവിടെ നെൽകൃഷിക്കായി വിത്തുകൾ ഉൽപ്പാദിപ്പിച്ച് ഞാറ് വിതരണം ചെയ്തു വരുന്നുണ്ട്. അഞ്ചോളം ജില്ലകളിലേക്ക് നെൽകൃഷിക്കായി ഞാറുകൾ വിതരണം ചെയ്തു വരുന്നതായി ഉടമ പുന്നക്കപറമ്പിൽ അനിൽ ബാബു പറയുന്നു. ഉമ, പൗർണമി, സരസ്വതി, ജ്യോതി എന്നീ ഇനങ്ങളാണ് ഇവിടെ ഇപ്പോൾ ഉൽപാദിപ്പിക്കുന്നത്. 16 ദിവസങ്ങൾ കൊണ്ട് വിത്തുകൾ നല്ല രീതിയിൽ മുളപ്പിച്ച് ഞാറുകളായി മാറ്റിയെടുക്കാൻ സാധിക്കുന്നുണ്ട്. ഞാറ് നട്ടുകഴിഞ്ഞാൽ 100 ദിവസങ്ങൾ കൊണ്ട് വിളവെടുക്കാനാകുമെന്ന് പറയുന്നു.
ആലത്തൂരിലെ ഈ കേന്ദ്രത്തിലേക്ക് മണ്ണുത്തി, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് വിത്തുകൾ കൊണ്ടുവരുന്നത്. ജൈവ വളം മാത്രമാണ് ഉപയോഗിക്കുന്നത്. ഒരു ട്രേയിൽ ഒരു സെന്റ് നിലത്തിനുള്ള വിത്തുകളാണ് ഉത്പാദിപ്പിക്കുന്നത്. ഇങ്ങനെ നൂറുകണക്കിന് ട്രേയിലാണ് ഇവിടെ ഉല്പാദനം. ഇതര സംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. വിശാലമായ കേന്ദ്രത്തിൽ സജീവമായാണ് വിത്തുല്പാദനം നടക്കുന്നത്.
സീസൺ എത്തിയാൽ തൊഴിലാളികൾ വിശ്രമമില്ലാതെ പണിയെടുത്താൽ മാത്രമാണ് ഞാറുകൾ കൃത്യമായി ഉൽപ്പാദിപ്പിച്ച് വിവിധ കേന്ദ്രങ്ങളിലേക്ക് അയക്കാൻ സാധിക്കുകയുള്ളൂ. നിരവധി കർഷകർ ഇവിടെ വിത്ത് എടുക്കാൻ എത്തുന്നുണ്ടെന്നും തൊഴിലാളികൾ പറഞ്ഞു. ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്ന സംവിധാനവും ഇവിടെയുണ്ട്. കേന്ദ്രത്തിന്റെ ഉടമ സ്വന്തമായും കൃഷി ചെയ്യുന്നുണ്ട്. നിരവധി കാർഷിക യന്ത്ര ഉപകരണങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. കാർഷിക മേഖലയിൽ കർഷകർക്ക് സർവകലാശാലയായി മാറുകയാണ് ആലത്തൂരിലെ ഈ ഞാറ് ഉൽപാദന കേന്ദ്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

