അക്കിക്കാവ്-കേച്ചേരി ബൈപാസ് നിർമാണം ഒന്നാംഘട്ടം അവസാനത്തിൽ; അപകടം പെരുകി
text_fieldsഅക്കിക്കാവ്-കേച്ചേരി ബൈപാസ് റോഡിലെ എയ്യാൽ പാടത്ത് വ്യാഴാഴ്ച പുലർച്ചെ പാടത്തേക്ക് മറിഞ്ഞ ജീപ്പ്
കേച്ചേരി: അക്കിക്കാവ്-കേച്ചേരി ബൈപാസ് റോഡിന്റെ നിർമ്മാണം ഒന്നാം ഘട്ടം പൂർത്തിയാകുന്നതോടെ പന്നിത്തടം-കേച്ചേരി റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധയും മൂലം അപകടം വർധിക്കുന്നു. ഒരാഴ്ചക്കുള്ളിൽ മൂന്ന് അപകടങ്ങളാണ് ഈ പാതയിൽ ഉണ്ടായത്. എയ്യാല്‍ പാടത്ത് വ്യാഴാഴ്ച പുലര്‍ച്ചെ കേച്ചേരി ഭാഗത്തേക്ക് വന്നിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് കൂമ്പുഴ പാലത്തിന് സമീപം പാടത്തേക്ക് മറിഞ്ഞാണ് ഒടുവിൽ അപകടം ഉണ്ടായത്.
അപകടത്തിൽ ഈരാറ്റുപേട്ട സ്വദേശി സിജോ (24), മധ്യപ്രദേശ് സ്വദേശി അഫ്ദര് (37) എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. അഗ്നിരക്ഷാ സേനാംഗങ്ങളെത്തി ജീപ്പ് പൊളിച്ചാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ചെമ്മന്തിട്ടയിലെ പെട്രോള്‍ പമ്പിന് സമീപം കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇരുമ്പിന്റെ സുരക്ഷാവേലി തകർത്ത് പാടത്തേക്ക് മറിഞ്ഞിരുന്നു. ഏതാനും ദിവസം മുമ്പും ഈ പാതയിൽ അപകടം സംഭവിച്ചിരുന്നു. റോഡ് പൂർണമായും ഉയർത്തി പണികൾ പൂർത്തിയാക്കിയതോടെയാണ് അപകടം വർധിച്ചത്.
റോഡ് പണികള്‍ വിലയിരുത്തുന്നതിന് വ്യാഴാഴ്ച കെ.ആര്.എഫ്.ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷിബു കൃഷ്ണരാജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇ.ഐ. സജിത്ത്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഐ.എസ്. മൈഥിലി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ബാരിക്കേഡുകള്‍ സ്ഥാപിച്ച് വേഗത നിയന്ത്രിക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്കി.
പന്നിത്തടം മുതൽ കേച്ചേരി വരെ റോഡിന്റെ പണികൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ദിശബോർഡുകൾ റോഡിന്റെ ഇരുവശത്തും വരകൾ വരയ്ക്കൽ തുടങ്ങിയ പണികൾ മാത്രമേ ശേഷിക്കുന്നുള്ളൂ. എന്നാൽ അക്കിക്കാവ് മുതൽ പന്നിത്തടം വരെയുള്ള റോഡിന്റെ പണികൾ പൂർത്തിയാക്കാൻ ഇനിയും സമയം വേണ്ടി വരും. സ്ഥലമെടുപ്പ് സംബന്ധിച്ച് തർക്കമുള്ളതിനാലാണ് ആ മേഖലയിൽ പണി ഇഴയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.