കാർഷിക സർവകലാശാല ഫീസ് വർധന; വി.സിയെ തടഞ്ഞ് എസ്.എഫ്.ഐ
text_fieldsതൃശൂർ: കേരള കാർഷിക സർവകലാശാലയിലെ അന്യായമായ ഫീസ് വർധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വൈസ് ചാൻസലർ ഡോ. ബി. അശോകിനെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞ് കരിങ്കൊടി കാണിച്ച 14 എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.എഫ്.ഐ ജില്ല സെക്രട്ടറി അനസ് ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയ ശേഷമാണ് വി.സിക്ക് പുറത്തിറങ്ങാനായത്. സർവകലാശാലയിലെ യു.ജി, പി.ജി, പി.എച്ച്ഡി കോഴ്സുകൾക്ക് മൂന്നിരട്ടിയിലധികം ഫീസ് വർധിപ്പിച്ച തീരുമാനത്തിനെതിരെയാണ് വിദ്യാർഥി സംഘടനകൾ സമരം നടത്തുന്നത്. ബുധനാഴ്ച വൈസ് ചാൻസലറുടെ നേതൃത്വത്തിൽ വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
സർവകലാശാലക്ക് 150 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നും ഇത് നികത്താൻ ഫീസ് വർധന അനിവാര്യമാണെന്നുമുള്ള വി.സിയുടെ നിലപാട് വിദ്യാർഥി പ്രതിനിധികൾ തള്ളി. ഭരണസമിതിയുടെ അംഗീകാരമില്ലാതെയാണ് വൈസ് ചാൻസലർ ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫീസ് വർധന പിൻവലിക്കും വരെ അനിശ്ചിതകാല സമരം നടത്തുമെന്ന് എസ്.എഫ്.ഐ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

