കാട്ടാനക്ക് പിന്നാലെ പുലി; മലയോര ഗ്രാമങ്ങളില്‍ ഭീതിയൊഴിയുന്നില്ല
text_fieldsപത്തുകുളങ്ങരയില്‍ പുലി കൊന്ന പശുവിന്റെ ജഡം
കൊടകര: കഴിഞ്ഞ ദിവസം താളൂപ്പാടത്ത് ഒറ്റയാന്‍ വീട് ആക്രമിച്ചതിന് പിന്നാലെ കൊട്ടുത്ത് പ്രദേശമായ പത്തുകുളങ്ങരയില്‍ പുലിയിറങ്ങി പശുവിനെ കൊന്നു തിന്നു. വെണ്ണൂരാന്‍ സജീര്‍ബാബുവിന്‍റെ മൂന്നരവയസ്സുള്ള പശുവിനെയാണ് ചൊവ്വാഴ്ച രാവിലെ പുലി കൊന്നത്.
കാണാതായ പശുവിനെ വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് പത്തുകുളങ്ങര വനാതിര്‍ത്തിയോട് ചേര്‍ന്ന് റബര്‍ തോട്ടത്തില്‍ ചത്ത നിലയില്‍ കണ്ടത്. പുലിയുടെ കാൽപാടുകളും പരിസരത്ത് കാണപ്പെട്ടു. പ്രദേശത്ത് നേരത്തേതന്നെ പുലിസാന്നിധ്യമുണ്ട്. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ വനപാലകരും പഞ്ചായത്ത് അംഗം ലിന്‍റോ പള്ളിപറമ്പനും സ്ഥലത്തെത്തി.
ഒരു വര്‍ഷം മുമ്പ് മുപ്ലിയില്‍ തോട്ടം തൊഴിലാളി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ പ്രദേശവാസികൾ ഭീതിയിലാണ്. രാത്രി കാട്ടാനകള്‍ വീടുകള്‍ക്കരികിലെത്തുന്നതിനാല്‍ സമാധാനത്തോടെ ഉറങ്ങാനാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഈ മേഖലയില്‍ കാട്ടാനകള്‍ വരുത്തിയത്. രണ്ടാഴ്ച മുമ്പ് തൊട്ടടുത്ത പത്തുകുളങ്ങരയിലും വീടുകളുടെ മുറ്റത്ത് കാട്ടാനകള്‍ എത്തി നാശനഷ്ടം സൃഷ്ടിച്ചിരുന്നു. പത്തുകുളങ്ങര മൈതാനം, ഇഞ്ചക്കുണ്ട്, പരുന്തുപാറ, അമ്പനോളി, പോത്തന്‍ചിറ, നായാട്ടുകുണ്ട്, ചൊക്കന, മുപ്ലി എന്നിവിടങ്ങളിലും കാരിക്കടവ് ആദിവാസി കോളനിയിലും കാട്ടാനശല്യം രൂക്ഷമാണ്. ചിമ്മിനി, ആനപ്പാന്തം വനങ്ങളോട് ചേര്‍ന്നുള്ള വനാതിര്‍ത്തികളില്‍ തമ്പടിച്ച കാട്ടാനകളാണ് ഭീഷണിയാവുന്നത്. മുപ്ലി പുഴയോരത്തും ഹാരിസണ്‍ പ്ലാന്‍റേഷനിലും തമ്പടിച്ചവയെ ഉള്‍വനത്തിലേക്ക് കയറ്റിവിടാന്‍ വനപാലകര്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല.
താളൂപ്പാടം -മുപ്ലി , ചൊക്കന -പാലപ്പിള്ളി, വെള്ളിക്കുളങ്ങര -നായാട്ടുകുണ്ട് റോഡുകളില്‍ പകല്‍ സമയത്തുപോലും കാട്ടാനകള്‍ വിഹരിക്കുന്നത് പതിവാണ്. എന്നാൽ, ഇവയെ നിയന്ത്രിക്കാൻ ഫലപ്രദ നടപടികള്‍ ഇല്ല. വനാതിര്‍ത്തിയില്‍ സോളാര്‍ വേലിസ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്താല്‍ വന്യജീവികളെ പ്രതിരോധിക്കാനാകുമെന്ന് നാട്ടുകാര്‍ പറയുന്നു. പലയിടത്തും സോളാര്‍വേലികള്‍ ഉണ്ടെങ്കിലും വൈദ്യുതി കടത്തി വിടുന്ന സംവിധാനം തകരാറിലായതിനാല്‍ പ്രയോജനം ലഭിക്കുന്നില്ല. കാലുകള്‍ സ്ഥാപിച്ച് അതിലൂടെ കമ്പികള്‍ ഇട്ട് നിര്‍മിക്കുന്ന സോളാര്‍ വേലികള്‍ക്കു പകരം ഹാങ്ങിങ് സോളാര്‍ വേലികള്‍ പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

