രണ്ട് വർഷം പിന്നിട്ടു; അവർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ തന്നെ
text_fieldsദേശമംഗലം ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾ
ചെറുതുരുത്തി: ദേശമംഗലം പള്ളം കൊറ്റമ്പത്തൂരിൽ 2018ലെ പ്രളയകാലത്തുണ്ടായ ഉരുൾപൊട്ടലിൽ സർവം നഷ്ടപ്പെട്ട ഒമ്പത് കുടുംബങ്ങൾ രണ്ട് വർഷം പിന്നിട്ടിട്ടും ദുരിതാശ്വാസ ക്യാമ്പിൽ. 33 കുടുംബങ്ങളിൽ ബാക്കിയുള്ളവർ ബന്ധുവീടുകളിലും വാടക വീടുകളിലും കഴിയുേമ്പാൾ ഇവർക്ക് പോകാൻ അത്തരമൊരു ഇടവുമില്ല.
26 പേരാണ് ക്യാമ്പിലുള്ളത്. രണ്ട് മുതൽ 65 വയസ്സുള്ളവർ വരെയുണ്ട്. ദുരന്തം എല്ലാം തകർത്തെറിയുകയും പ്രിയപ്പെട്ട നാല് പേരുടെ ജീവൻ കവരുകയും ചെയ്തു. കോവിഡും ലോക്ഡൗണും ആയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും നേരിടുകയാണ്. ഓരോരോ ജോലികൾ ചെയ്താണ് ഇവരെല്ലാം കഴിയുന്നത്. വീടുകൾ നിന്നിരുന്ന പ്രദേശം കാടുമൂടി.
ദേശമംഗലം പഞ്ചായത്ത് കോംപ്ലക്സിലാണ് ക്യാമ്പ്. എല്ലാവർക്കും ബാങ്ക് അക്കൗണ്ടിലേക്ക് 10,000 രൂപ വീതം കൈമാറിയെന്ന് അധികൃതർ പറയുന്നു. എന്നാൽ ഒന്നും കിട്ടിയിട്ടില്ലെന്നാണ് ക്യാമ്പിൽ കഴിയുന്നവർ പറയുന്നത്.ക്യാമ്പ് സന്ദർശക്കാനെത്തുന്ന അധികൃതരോടും ജനപ്രതിനിധികളോടും സങ്കടം നിരന്തരം പറയുമെങ്കിലും മറുപടിയും പരിഹാര നടപടിയുമില്ല. ഉരുൾപൊട്ടലിനെ തുടർന്ന് 128 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയിരുന്നത്. ഇതിൽ ഒരു വയോധിക മരിച്ചു.
പ്രളയക്കെടുതി മൂലം ദുരിതത്തിലായ പട്ടികജാതി കുടുംബങ്ങൾക്ക് സമാശ്വാസമായി 5,000 രൂപ അനുവദിച്ചിരുന്നു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫിസർ തുക കൈമാറുകയും ചെയ്തു. പലരും സ്ഥലം നൽകിയെങ്കിലും വീട് വെക്കാൻ നടപടി ആയിട്ടില്ല.
പള്ളം എസ്റ്റേറ്റ് പടിയിൽ ഒരു വ്യക്തി സർക്കാരിന് കൈമാറിയ ഭൂമിയിൽ ഒമ്പത് വീടുകളുടെ നിർമാണം നടക്കുന്നുണ്ട്. സർക്കാർ സംവിധാനത്തിൽ 19 വീടും സേവാഭാരതിയുടെ നേതൃത്വത്തിൽ 17 വീടുമാണ് നിർമിക്കുന്നത്.