‘മിൽമ ഓൺ വീൽസി’ന് പിന്നാലെ ‘റിഫ്രഷ് വെജി’നും താഴ് വീണു
text_fieldsമിൽമ ഓൺ വീൽസ്, മിൽമ ഫ്രഷ് വെജ്
തൃശൂർ: മിൽമ എറണാകുളം മേഖല യൂനിയൻ ജില്ലയിൽ ആഘോഷപൂർവം ആരംഭിച്ച മറ്റൊരു സംരംഭം കൂടി നിലച്ചു. തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റേഷനിൽ കട്ടപ്പുറത്തായ ‘മിൽമ ഓൺ വീൽസി’ന് പിന്നാലെ എം.ജി റോഡിൽ കോട്ടപ്പുറത്തെ ‘മിൽമ റിഫ്രഷ് വെജ്’ ആണ് പ്രവർത്തനം അവസാനിപ്പിച്ചത്.
രണ്ടിന്റെയും നടത്തിപ്പ് കരാർ നൽകിയിരിക്കുകയാണ്. മിൽമ ഓൺ വീൽസ് തുടക്കത്തിൽ ഏറെ സ്വീകരിക്കപ്പെട്ടിരുന്നു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തുന്നവർക്ക് പാനീയങ്ങളും സ്നാക്സും മിൽമ ഉൽപ്പന്നങ്ങളും ലഭിക്കുമെന്നതിനാൽ നല്ല കച്ചവടവും നടന്നിരുന്നു. ക്രമേണ നടത്തിപ്പ് മോശമായി. സാമ്പത്തിക കാര്യത്തിൽ നടത്തിപ്പുകാരൻ വീഴ്ച വരുത്തിയെന്നും അതുകൊണ്ട് ഒഴിവാക്കിയെന്നുമാണ് മിൽമ മാനേജ്മെന്റ് പറഞ്ഞത്. വൈകാതെ മിൽമ നേരിട്ട് ഏറ്റെടുത്ത് നടപ്പാക്കുമെന്നും പറഞ്ഞിരുന്നു. ഒന്നും നടന്നില്ല. ഇപ്പോൾ ബസ് സ്റ്റേഷനിൽ ഒരുഭാഗത്ത് വഴി മുടക്കി ‘ഓൺ വീൽസ്’ നിൽക്കുകയാണ്. അത് മാറ്റണമെന്ന കെ.എസ്.ആർ.ടി.സിയുടെ ആവശ്യവും നടക്കുന്നില്ല.
ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം റിഫ്രഷ് വെജ് പൂട്ടിയത്. മിതമായ വിലക്ക് രാവിലെ മുതൽ രാത്രി ഏറെ വൈകുന്നത് വരെ ഭക്ഷണവും സ്നാക്സും ലഭിച്ചിരുന്നു. പ്രധാന പാതയോട് ചേർന്നായതിനാൽ വഴി യാത്രക്കാർ വാഹനം നിർത്തി ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഇവിടെ ക്രമേണ സേവനം മോശമാവുകയും ശുചിത്വം കുറയുകയും ഭക്ഷണ സാധനങ്ങൾ പേരിന് മാത്രമാവുകയും ചെയ്തു. ഒടുവിൽ പ്രവർത്തനം നിർത്തി. ഇതിനോട് ചേർന്ന മിൽമ ഉൽപ്പന്ന സ്റ്റോർ കഴിഞ്ഞ ദിവസം കരാർ നടത്തിപ്പുകാരനിൽനിന്ന് തിരിച്ചെടുത്ത് മിൽമ നേരിട്ട് നടത്തി തുടങ്ങി. രാമവർമപുരത്തെ മിൽമ പ്ലാന്റിനോട് ചേർന്ന് ‘റിഫ്രഷ് വെജ്’ നിർമാണം പൂർത്തിയാവുകയും ജില്ലയിൽ രണ്ടാമത്തെ റിഫ്രഷ് വെജ് എന്ന് മേഖല യൂനിയനും അവകാശപ്പെടുമ്പോഴാണ് എം.ജി റോഡിലെ ആദ്യ സംരംഭം പൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

