അനുരാഗിന് പിന്നാലെ അനുരൂപും വിടചൊല്ലി; പൊലിഞ്ഞത് കുടുംബത്തിെൻറ സ്വപ്നങ്ങൾ
text_fieldsപാറേമ്പാടം കൊങ്ങണൂരിൽ അപകടത്തിൽ മരിച്ച മകൻ അനുരൂപിെൻറ മൃതദേഹത്തിൽ മാതാവ് അനിത
പുഷ്പാർച്ചന നടത്തുന്നു
കുന്നംകുളം: നിനക്കാത്ത നേരത്ത് വന്നെത്തിയ ദുരന്തം തകർത്തെറിഞ്ഞത് ഒരു കുടുംബത്തിെൻറ സ്വപ്നങ്ങളും പ്രതീക്ഷകളും. പാറേമ്പാടം കൊങ്ങണൂർ കാവിൽ ഗോപിയുടെ മക്കളായ അനുരാഗ്, അനുരൂപ് എന്നിവരാണ് അകാലത്തിൽ വേർപെട്ടത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് പാറേമ്പാടത്ത് താഴത്തെ പെട്രോൾ പമ്പിന് സമീപത്തുണ്ടായ അപകടത്തിൽ അനുരാഗ് മരിച്ചിരുന്നു.
സഹോദരൻ അനുരൂപിനായി വീടും നാടും ഉള്ളുരുകി പ്രാർഥനയിലായിരുന്നെങ്കിലും മരണത്തിനും ജീവിതത്തിനുമിടയിലെ നാലു ദിവസത്തെ പോരാട്ടം അവസാനിച്ച് ആ ചെറുപ്പക്കാരൻ പോയ്മറഞ്ഞു.
കോവിഡ് മഹാമാരിയിൽ ജോലി നഷ്ടപ്പെട്ട് മാസങ്ങൾക്ക് മുമ്പ് നാട്ടിൽ തിരിച്ചെത്തിയ അനുരൂപ് അടുത്ത മാസം തിരിച്ചുപോകാനുള്ള തയാറെടുപ്പിലായിരുന്നു. രണ്ടര വർഷം മുമ്പുണ്ടായ അപകടത്തിൽ ഗോപിയുടെയും ജീവിതം തകർന്നിരുന്നു. ഡ്രൈവറായിരുന്ന ഗോപി ജോലി കഴിഞ്ഞ് വാഹനം നിർത്തിയിട്ട് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ചായിരുന്നു അപകടം. ഇതോടെ ശരീരം തളർന്ന ഗോപിക്ക് പരസഹായം ആവശ്യമാണ്. ഭർത്താവിനുണ്ടായ അപകടത്തെ തുടർന്ന് ഭാര്യ അനിതക്ക് തൊഴിലുറപ്പ് ജോലിക്കും പോകാൻ കഴിയാതെയായി.
വായ്പയെടുത്ത് പണിത വീടിെൻറ പണികൾ പൂർത്തീകരിക്കാനും നാളിതുവരെ കഴിഞ്ഞില്ല. അമ്മൂമ്മയുടെ മരണാനന്തര ശേഷക്രിയകളിൽ സംബന്ധിച്ച് പെലക്കാട്ടുപയ്യൂരിലെ വീട്ടിൽനിന്ന് തിരിച്ചുവരുന്നതിനിടയിലാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. എതിർ ദിശയിൽനിന്ന് അമിത വേഗത്തിൽ വന്ന കാർ നിയന്ത്രണംവിട്ട് ബൈക്ക് യാത്രികരായ ഇരുവരെയും ഇടിച്ചു തെറിപ്പിച്ച് മറ്റൊരു കാറിൽ ചെന്നിടിച്ചാണ് നിന്നത്. കുടുംബം പ്രതീക്ഷകൾ അർപ്പിച്ചിരുന്ന യുവാക്കളുടെ ദാരുണ മരണം ഒരു ഗ്രാമത്തിനുതന്നെ തേങ്ങലായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

