കടങ്ങോട് പഞ്ചായത്തിലും ആഫ്രിക്കൻ പന്നിപ്പനി
text_fieldsതൃശൂർ: കടങ്ങോട് ഗ്രാമപഞ്ചായത്തിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥീരികരിച്ച സാഹചര്യത്തിൽ നടപടി കടുപ്പിച്ച് ജില്ല ഭരണകൂടം. മൃഗസംരക്ഷണ വകുപ്പ് ബാംഗ്ലൂർ എസ്.ആർ.ഡി.ഡി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്.
ജില്ലയിൽ മൂന്ന് മാസത്തിനിടെ മൂന്ന് പഞ്ചായത്തുകളിൽ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കരുതൽ നടപടി കടുപ്പിച്ചു കലക്ടർ ഉത്തരവിറക്കിയത്.രോഗം ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനായി രോഗബാധ കണ്ടെത്തിയ ഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും പത്ത് കിലോമീറ്റർ രോഗ നിരീക്ഷണ മേഖലായയും പ്രഖ്യാപിച്ചു.
ഈ പ്രദേശങ്ങളിൽനിന്ന് പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം വിലക്കും. പന്നികളെ മറ്റു ജില്ലകളിലേക്ക് കൊണ്ട് പോകുന്നത് നിയന്ത്രിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുന്നതിനായി കലക്ടർ ജില്ല മൃഗസംരക്ഷണ ഓഫിസർക്ക് നിർദേശം നൽകി. ഇതു സംബന്ധിച്ച കർശന നിർദേശങ്ങളടങ്ങിയ ഉത്തരവ് 17 മുതൽ ജില്ലയിൽ നിലവിൽ വന്നു. ഈ സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ദ്രുത കർമ സേന പ്രവർത്തനം ആരംഭിച്ചു.
ജില്ല മൃഗ സംരക്ഷണ ഓഫിസർ ഡോ. ജിതേന്ദ്ര കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡീന ആന്റണി, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ഐസക് സാം, അസി. പ്രോജക്റ്റ് ഓഫിസർ ഡോ. സുബിൻ കോലാടി, അസി. ഡയറക്ടർ ഡോ. അനീഷ് രാജ്, വെറ്ററിനറി സർജൻമാരായ ഡോ. മനോജ്, ഡോ. അനൂപ്, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ അറ്റന്റൻറ് എന്നിവരടങ്ങുന്നതാണ് ടീം.
പന്നികളിൽ മാത്രം കണ്ടുവരുന്ന ഈ രോഗം മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാൻ സാധ്യതയില്ലെന്ന് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ഐസക് സാം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

