പാറമേക്കാവ് പത്മനാഭന് വിട; വിതുമ്പലോടെ പൂരനാട്
text_fieldsപാറമേക്കാവ് പത്മനാഭന്റെ ഭൗതികശരീരം കോടനാട്ട് സംസ്കാരത്തിന് കൊണ്ടുപോകുന്ന വഴിക്ക് തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ
ആദരാഞ്ജലിയർപ്പിക്കാൻ നിർത്തിയപ്പോൾ
തൃശൂർ: പൂരത്തിന്റെ നായകൻ കൊമ്പൻ പാറമേക്കാവ് ദേവസ്വം പത്മനാഭന് പൂരനാടിന്റെ അന്ത്യാഞ്ജലി. പൂരക്കാഴ്ചകളുടെ ഓർമകളുമായി നിരവധി പേരാണ് ആദരാഞ്ജലിയർപ്പിക്കാൻ പാറമേക്കാവിന്റെ പാടൂരിലെ ആനക്കൊട്ടിലിലേക്ക് രാത്രിയോടെതന്നെ എത്തിയത്. രാമായണശീലുകൾ നിറഞ്ഞ ആനക്കൊട്ടിലിൽ പലരും പത്മനാഭനരികിൽ നിന്ന് കണ്ണീർ വാർത്തു. രാവിലെ 11ഓടെ ചടങ്ങുകൾ പൂർത്തിയാക്കി. തുടർന്ന് സംസ്കാരത്തിനായി കോടനാട്ടേക്കുള്ള വാഹനത്തിൽ പത്മനാഭനെ കൊണ്ടുപോയി.
ഒരാഴ്ചയായി ശരീര തളർച്ചയെത്തുടർന്ന് ചികിത്സയിലായിരുന്ന ആന തിങ്കളാഴ്ച രാത്രിയാണ് ചെരിഞ്ഞത്. കഴിഞ്ഞ പൂരത്തിന് ഉൾപ്പെടെ പ്രൗഢിയും യശസ്സുമുയർത്തി നിന്ന പത്മനാഭന്റെ വിയോഗം ആരാധകർക്ക് സഹിക്കാവുന്നതിലുമേറെയായിരുന്നു. തൃശൂർ കോർപറേഷന് വേണ്ടി മേയർ എം.കെ. വർഗീസ്, കൊച്ചിൻ ദേവസ്വം ബോർഡിന് വേണ്ടി പ്രസിഡന്റ് വി. നന്ദകുമാർ, തിരുവമ്പാടി, എറണാകുളത്തപ്പന്, വൈക്കം, ഏറ്റുമാനൂര്‍ തുടങ്ങി നിരവധി ക്ഷേത്രങ്ങളുടെ ഭാരവാഹികള്‍, വിവിധ ദേവസ്വങ്ങൾ, ഉത്സവ സംഘാടകർ, ആനപ്രേമി, പൂരപ്രേമി സംഘടനകൾ തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ളവർ പത്മനാഭന് അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.
പാറമേക്കാവ് ദേവസ്വം ആനകളെ പ്രതിനിധനം ചെയ്ത് കാശിനാഥനാണ് മുൻഗാമിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. തുമ്പി ഉയർത്തി പൂക്കൾ സമർപ്പിച്ച് കാശി വണങ്ങിയപ്പോൾ കണ്ടുനിന്നവർക്കും വിതുമ്പലായി. പതിനൊന്നരയോടെ പാടുക്കാട് ആനക്കൊട്ടിലിൽനിന്ന് ഭൗതീകശരീരവും വഹിച്ചുള്ള വാഹനം പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ ഒരു നിമിഷം നിർത്തി. എഴുന്നള്ളിപ്പുകളിലെ പ്രൗഢിയുടെ തലപ്പൊക്ക നായകൻ അവസാനമായി ക്ഷേത്രത്തിനോട് യാത്ര പറഞ്ഞു. വൈകീട്ട് മൂന്നോടെ കോടനാട്ട് എത്തി. ഏഴോടെ സംസ്കാരം പൂര്‍ത്തിയായി.
ഉത്സവ കേരളത്തിന്
തീരാനഷ്ടം
-പൂരപ്രേമി സംഘം
തൃശൂർ: തൃശൂർ പൂരത്തിന് ഒന്നര പതിറ്റാണ്ടിലധികമായി പാറമേക്കാവ് ഭഗവതിയുടെ കോലമേന്തിയ കൊമ്പൻ പത്മനാഭന്റെ ആകസ്മിക വേർപാടിൽ പൂരപ്രേമി സംഘത്തിന്റെ പ്രത്യേക യോഗം അനുശോചിച്ചു. കേരളത്തിലെ പ്രധാന പൂരോത്സവങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്ന ശ്രീ പത്മനാഭന്റെ വേർപാട് ഉത്സവ കേരളത്തിന് തീരാനഷ്ടമാണെന്ന് രക്ഷാധികാരി നന്ദൻ വാകയിൽ പറഞ്ഞു. പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴേക്കാട്ട് അധ്യക്ഷത വഹിച്ചു. കൺവീനർ വിനോദ് കണ്ടേംകാവിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. നാട്ടാനകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ദേവസ്വങ്ങൾക്ക് ആനകളെ അനുവദിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുകൂല നടപടി സ്വീകരിക്കണമെന്ന് സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ പറഞ്ഞു. ട്രഷറർ പി.വി. അരുൺ, സജേഷ് കുന്നമ്പത്ത്, മുരാരി ചാത്തക്കുടം, രമേശ് മൂക്കോനി, സെബി ചെമ്പനാടത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

