ഓട്ടോ ഡ്രൈവറുടെ ഒന്നര ലക്ഷം കവർന്ന പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
text_fieldsഅറുമുഖൻ
തൃശൂർ: ഓട്ടോ ഡ്രൈവറുടെ ബാഗിൽനിന്ന് ഒന്നര ലക്ഷം രൂപ കവർന്ന കേസിൽ പാലക്കാട് എരിമയൂർ തൊട്ടിയുംകുളമ്പ് വീട്ടിൽ അറുമുഖനെ (38) മണിക്കൂറുകൾക്കകം തൃശൂർ ഈസ്റ്റ് പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം.
ശക്തൻ നഗറിലെ ബാറിൽനിന്ന് മദ്യപിച്ച ശേഷം ജയ്ഹിന്ദ് മാർക്കറ്റിലേക്ക് ഓട്ടം വിളിച്ച പ്രതി യാത്രക്കിടെ ഡ്രൈവറുടെ ബാഗിലുണ്ടായിരുന്ന പണം കൈക്കലാക്കുകയായിരുന്നു.
കണ്ണാറ സ്വദേശിയായ ഓട്ടോ ഡ്രൈവർ നിജോയുടെ പണമാണ് കവർന്നത്. പണയത്തിലുള്ള സ്വർണാഭരണങ്ങൾ തിരിച്ചെടുത്ത് നൽകുന്ന ബിസിനസ് കൂടി ചെയ്തുവരുന്നതിനാലാണ് ഇദ്ദേഹം തുക കൈയിൽ കരുതിയിരുന്നത്.
പണം നഷ്ടപ്പെട്ടതറിഞ്ഞ് ഡ്രൈവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.സി.ടി.വി കാമറകളും ബാറിലെ ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
എരിമയൂർ കുമ്മാട്ടി ഉത്സവത്തിൽ പങ്കെടുക്കാൻ നാട്ടിൽ തിരിച്ചെത്തിയ പ്രതിയെ അന്നു വൈകുന്നേരത്തോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

