ഗാർഹിക പീഡനക്കേസ് പ്രതി 11 വർഷത്തിന് ശേഷം പിടിയിൽ
text_fieldsരാജേഷ്
കൊരട്ടി: പിടികിട്ടാപ്പുള്ളി 11 വർഷത്തിനുശേഷം പിടിയിൽ. ചെങ്ങമനാട് ശങ്കര ഭവനത്തിൽ രാജേഷാണ് (48) അറസ്റ്റിലായത്. 2012 ഒക്ടോബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് ഭാര്യയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ പ്രതി നാടുവിട്ട് പല സംസ്ഥാനങ്ങളിൽ മാറി മാറി കഴിഞ്ഞു വരികയായിരുന്നു.
ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്റെയുടെ നിർദേശ പ്രകാരം കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം വളരെ തന്ത്രപരമായി രാജസ്ഥാനിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. അവിടെ മറ്റൊരാളുടെ പേരിൽ സിം കാർഡ് എടുത്ത് സ്കൂളിൽ ജോലി ചെയ്ത് വരുകയായിരുന്നു ഇയാളെന്ന് പൊലീസ് അറിയിച്ചു.
അന്വേഷണ സംഘത്തിൽ എസ്.ഐമാരായ മുഹമ്മദ് ഷിഹാബ് കെ. കുട്ടശ്ശേരി, ടി.ജി. മനോജ്, എസ്.സി.പി.ഒമാരായ പ്രദീപ്, നിധീഷ്, ഷെഫീക്ക്, സി.പി.ഒമാരായ സജീഷ് കുമാർ, ജിബിൻ വർഗീസ്, ടി.എസ്. അജീഷ് എന്നിവർ ഉണ്ടായിരുന്നു.

