ജോലി വാഗ്ദാനം ചെയ്ത് പണം തട്ടൽ: പ്രതി അറസ്റ്റിൽ
text_fieldsകൊടുങ്ങല്ലൂർ: കെ.ടി.ഡി.സിയിൽ അസി. മാനേജരായി ജോലി നൽകാമെന്ന് വാഗദാനം നൽകി പണം തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. മുസ്ലിം ലീഗ് കയ്പമംഗലം മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന ശ്രീനാരായണപുരം പൊരിബസാർ ശാന്തിപുരം കാട്ടുപറമ്പിൽ ഷാനിറിനെയാണ് (50) മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പിനെതിരെ പരാതി ഉയർന്നതോടെ മുസ്ലിം ലീഗിലെ സ്ഥാനമാനങ്ങൾ ഒഴിനെ ഇയാളെ കേസിനെ തുടർന്ന് സംസ്ഥാന നേതൃത്വം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. പ്രതിയുടെ അടുത്ത സുഹൃത്തായിരുന്നു ശ്രീനാരായണപുരം പള്ളിനട കറുകപ്പാടത്ത് മുഹമ്മദ് ഇബ്രാഹിം നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
മുഹമ്മദ് ഇബ്രാഹിമിന്റെ മകൻ നിഹാന് കെ.ടി.ഡി.സിയിൽ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് 19 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ജോലി വാഗ്ദാനം നൽകി വാങ്ങിയ തുക തിരികെ കൊടുക്കാതിരിക്കാനായി ചിലരുമായി ഗൂഢാലോചന നടത്തി നിഹാനെ ലഹരിമരുന്ന് കേസിൽപ്പെടുത്തുന്നതിനും ഇയാൾ ശ്രമം നടത്തിയതായും പൊലീസ് പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്ത് പ്രതി നാല് ഘട്ടങ്ങളിലായി 19 ലക്ഷം രൂപ നിഹാനിന്റെ പിതാവിൽനിന്ന് ഷാനിർ വാങ്ങിയിരുന്നു. മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജി, സബ് ഇൻസ്പെക്ടർമാരായ രമ്യ കാർത്തികേയൻ, മുഹമ്മദ് റാഫി, അസി. സബ് ഇൻസ്പെക്ടർ തോമസ് എന്നിവൾ ഉൾപ്പെടുന്ന പൊലീസ് അന്വേഷണ നടപടികൾ കൈകൊണ്ടത്.
പരാതിക്കാരനെ മയക്കുമരുന്ന് കേസിൽപെടുത്താൻ നിരന്തര ശ്രമം
കൊടുങ്ങല്ലൂർ: ജോലി വാഗ്ദാന തട്ടിപ്പിനിരയായ നിഹാന് സ്വഭാവ ദൂഷ്യം ഉണ്ടെന്ന് വരുത്തിത്തീർക്കുന്നതിന് മയക്കുമരുന്ന് കേസിൽപ്പെടുത്താനും നിരന്തര ശ്രമം. ആദ്യശ്രമം തിരുവനന്തപുരത്ത് വെച്ചായിരുന്നു. ജോലി ശരിയായിട്ടുണ്ടെന്ന് പറഞ്ഞ് തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ട് പോയ വേളയിലായിരുന്നു കുടുക്കാൻ ആദ്യ ശ്രമമുണ്ടായത്. പ്രതിയായ ഷാനിർ റെയിൽവേ പൊലീസിനെ വിളിച്ച് നിഹാന്റെ ബാഗിൽ മയക്ക് മരുന്ന് ഉണ്ടെന്ന് രഹസ്യ വിവരം നൽകുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നിഹാനെയും കൂടയുണ്ടായിരുന്ന പിതാവിനെയും തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. ജോലി കാര്യത്തിൽ നടപടിയുമായില്ല. വീണ്ടും നിഹാനോട് ഏപ്രിൽ അഞ്ചാം തീയതി കുമരകത്ത് പോസ്റ്റിങ് ആയിട്ടുണ്ടെന്ന് പ്രതി അറിയിക്കുകയുണ്ടായി. ഈ സമയം നാട്ടിൽനിന്ന് കൂടെ പോകാതിരുന്ന പ്രതി കോട്ടപ്പുറത്ത് നിന്ന് വാഹനത്തിൽ കയറാമെന്നും അറിയിച്ചു.
ഇതേ തുടർന്ന് നിഹാലും പിതാവും വീട്ടിൽനിന്ന് ഇറങ്ങി ശ്രീനാരായണപുരം അഞ്ചാംപരത്തിയിൽ എത്തിയ സമയം എക്സൈസ് സംഘം കാർ തടഞ്ഞുനിർത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ജോലി വാഗ്ദാനം രണ്ടാം യാത്രയിലും തിക്താനുഭവം ഉണ്ടാകുകയും ജോലി സാധ്യത ഇല്ലാതാകുകയും നൽകിയ പണം തിരികെ ലഭിക്കാതായതോടെയുമാണ് നിഹാലിന്റെ പിതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

