സുന്ദരമല്ല ഈ കവല...; സ്ഥിരം അപകടമേഖലയായി സുന്ദരിക്കവല
text_fieldsദേശീയപാതയിൽ അപകടകേന്ദ്രമായ പോട്ട സുന്ദരിക്കവല
ചാലക്കുടി: ദേശീയപാതയിൽ സ്ഥിരം അപകടമേഖലയായി പോട്ട സുന്ദരിക്കവല. കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചതോടെ യാത്രക്കാരുടെ ആശങ്ക വർധിച്ചിരിക്കുകയാണ്. അശാസ്ത്രീയ റോഡ് നിർമാണം മൂലം കാൽനടക്കാരടക്കം നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. ഇതിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം വനരോദനമായി ഒടുങ്ങുകയാണ്.
പോട്ട മേൽപ്പാലം ഇറങ്ങി വരുന്നിടത്താണ് സുന്ദരിക്കവല. മേൽപ്പാലം ഇറങ്ങിവരുന്ന വാഹനങ്ങളുടെ അനിയന്ത്രിത വേഗം അപകടങ്ങൾക്ക് ഒരു കാരണമാണ്. പഴയ ദേശീയപാതയും പുതിയ ദേശീയപാതയും കൂട്ടിമുട്ടുന്ന ഇടം കൂടിയായതിനാൽ ഗതാഗതം സങ്കീർണമാണ്. റോഡിന്റെ ഒരു വശത്ത് പറക്കൊട്ടിങ്കൽ ക്ഷേത്രം റോഡും സംഗമിക്കുന്നു. ഈ ഭാഗത്ത് സർവിസ് റോഡ് ഉണ്ടോ ഇല്ലയോ എന്നത് വ്യക്തമല്ലാത്ത കാര്യമാണ്. സർവിസ് റോഡ് മുറിഞ്ഞുകിടക്കുകയാണ്. അത് ഡിവൈഡർ ഇല്ലാതെ പ്രധാന പാതയുടെ ഒരു ഭാഗം പങ്കിട്ടെടുക്കുന്നു. അതിനാൽ പഴയ ദേശീയപാതയിലേക്ക് പോകുകയും വരുകയും ചെയ്യുന്ന വാഹനങ്ങൾ ഇവിടെയെത്തുമ്പോൾ ആശയക്കുഴപ്പത്തിലാണ്. ഇടതു വശം വഴി പോകണോ വലതു വശം വഴി പോകണോ എന്നറിയാത്ത അവസ്ഥയാണ്.
വർഷങ്ങൾക്ക് മുമ്പ് പോട്ട മേൽപ്പാലം നിർമിച്ചപ്പോൾ ദേശീയപാത അധികൃതർ കാണിച്ച സൂക്ഷ്മതയില്ലായ്മയാണ് ഇവിടത്തെ എല്ലാ ദുരന്തങ്ങൾക്കും കാരണം. മേൽപ്പാലത്തിന്റെ അപ്പുറത്ത് ധാരാളം സ്ഥലം അനാവശ്യമായി വിട്ടപ്പോൾ ഇപ്പുറത്ത് സർവിസ് റോഡ് നിർമാണത്തിന് സ്ഥലം ഇല്ലാതെ വന്നു.
ഇവിടെ സർവിസ് റോഡ് നിർമിക്കുകയും ദേശീയപാതയിലേക്ക് സർവിസ് റോഡിൽ നിന്നും വാഹനങ്ങൾ പ്രവേശിക്കാതെ തടയുന്ന ഡിവൈഡർ നിർമിക്കുകയും ചെയ്യാതെ അപകടങ്ങൾ വിട്ടൊഴിയില്ലെന്നതാണ് യാഥാർഥ്യം. ഇനിയും എത്ര ജീവൻ നഷ്ടപ്പെട്ടാലാണ് അധികാരികൾ ഉണരുകയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
സർവിസ് റോഡ് നിർമാണം പൂർത്തിയാക്കണം -നഗരസഭ
ചാലക്കുടി: പോട്ട സുന്ദരിക്കവലയിൽ തുടർച്ചയായി വാഹനാപകടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ ഈ ഭാഗത്തെ സർവിസ് റോഡുകളുടെ നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് നഗരസഭ കൗൺസിൽ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടു. നിരന്തര അപകടങ്ങളും നിരവധി മരണങ്ങളും ഉണ്ടായിട്ടും ഇത് പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ കൗൺസിൽ പ്രതിഷേധിച്ചു. ഈ ഭാഗത്തെ അനധികൃത കച്ചവടങ്ങളും വാഹന പാർക്കിങ്ങും നിരോധിക്കാൻ നഗരസഭ തീരുമാനിച്ചു.
ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു. കൗൺസിലർ വത്സൻ ചമ്പക്കര ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. നഗരസഭയുടെ 2022 -23 വാർഷിക പദ്ധതി ഭേദഗതികൾക്ക് അംഗീകാരം നൽകി. 2023 -24 വാർഷിക പദ്ധതി രൂപവത്കരണത്തിനുള്ള കരട് പദ്ധതി നിർദേശങ്ങൾ അംഗീകരിച്ചു. ജനുവരി 19 മുതൽ ഫെബ്രുവരി 12 വരെ വാർഡ് സഭകൾ ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

