അപകടത്തിൽപെടുന്ന വാഹനങ്ങൾ ദേശീയപാതയോരത്തുനിന്ന് നീക്കി ചെങ്ങമനാട് പഞ്ചായത്ത്
text_fieldsദേശീയപാതയിൽ ദേശം കുന്നുംപുറം സി.എ ആശുപത്രിക്ക് സമീപം അപകടത്തിൽപെട്ട തുരുമ്പെടുത്ത വാഹനം ചെങ്ങമനാട് പഞ്ചായത്ത് ഇടപെട്ട് നീക്കിയപ്പോൾ
ചെങ്ങമനാട്: ദേശീയപാതയോരത്ത് അപകടത്തിൽപെടുന്ന വാഹനങ്ങൾ നീക്കി ചെങ്ങമനാട് പഞ്ചായത്ത് മാതൃകയാവുന്നു. പഞ്ചായത്ത് പരിധിയിലെ പറമ്പയം കോട്ടായി മുതൽ മംഗലപ്പുഴപ്പാലം വരെ ഇരുവശങ്ങളിലും അനാഥാവസ്ഥയിലായ വാഹനങ്ങളാണ് പൊലീസിന്റെ സഹകരണത്തോടെ പഞ്ചായത്ത് ഇടപെട്ട് പൊലീസ് സ്റ്റേഷനിലേക്ക് നീക്കൽ ആരംഭിച്ചത്. വാഹനങ്ങൾ ഭാഗികമായോ, പൂർണമായോ അപകടത്തിൽപ്പെടുന്നതോടെ വാഹന ഉടമസ്ഥർ വീണ്ടെടുക്കുകയോ, റോഡിൽ നിന്ന് നീക്കുകയോ, മറ്റ് നിയമ നടപടികൾ സ്വീകരിക്കുകയോ ചെയ്യാതെ ഉപേക്ഷിക്കുകയോ ചെയ്യുന്ന അവസ്ഥയാണ്.
അപകടത്തിൽപ്പെടുന്നവർക്ക് ജീവഹാനിയോ, സാരമായ പരിക്കുകളോ സംഭവിക്കുകയാണെങ്കിൽ ഉടമകൾ പലരും വാഹനങ്ങൾ ഉപേക്ഷിക്കുന്ന അവസ്ഥയാണ്. ഇൻഷുറൻസോ, ബന്ധപ്പെട്ട രേഖകളോ ഇല്ലെങ്കിൽ ചിലർ അങ്ങോട്ട് തിരിഞ്ഞ് നോക്കുക പോലും ചെയ്യാറില്ലത്രെ. സാമൂഹിക വിരുദ്ധർ ഇത്തരം വാഹനങ്ങളുടെ ടയറുകളായിരിക്കും ആദ്യം മോഷ്ടിക്കുക. തുടർന്ന് വിലപ്പെട്ട പാർട്സുകളും മോഷ്ടിക്കും. അതോടെ വാഹനങ്ങൾ പാടെ ഉപേക്ഷിക്കും. തുടർന്ന് വർഷങ്ങൾ പിന്നിടുന്നതോടെ വാഹനങ്ങൾക്ക് മുകളിൽ കാട് മൂടുകയും, ഇഴജന്തുക്കളുടേയും മറ്റും ശല്യവും അനുഭവപ്പെടും. മാലിന്യം തള്ളാനും സഹായകമാകും. റോഡിനോട് ചേർന്നായിരിക്കും വാഹനങ്ങൾ തുരുമ്പെടുത്ത് കാട് മൂടുന്നത്.
അത് കാൽനട, സൈക്കിൾ യാത്രികർ അടക്കമുള്ളവർ അപകടത്തിൽപ്പെടാനും കാരണമാകും. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി സർക്കിൾ ഇൻസ്പെക്ടർ ബി.കെ. അരുണും, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെർളി കപ്രശ്ശേരിയും ദേശീയപാതയോരത്തെ അനാഥമായി കിടക്കുന്ന വാഹനങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇടയായതോടെയാണ് ജെർളി പഞ്ചായത്തിലെ ഭരണ, പ്രതിപക്ഷ അംഗങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ പഞ്ചായത്ത് പരിധിയിലെ വാഹനങ്ങൾ റോഡിൽ നിന്ന് പൊലീസ് സ്റ്റേഷൻ വളപ്പിലേക്കോ, പൊലീസ് നിർദേശിക്കുന്ന ഭാഗത്തേക്കോ നീക്കാൻ നടപടി ആരംഭിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം ദേശം കുന്നുംപുറം കവലയിൽ നിന്ന് മംഗലപ്പുഴ ഭാഗത്തേക്ക് കുത്തനെ തിരിയുന്ന സി.എ ആശുപത്രിക്ക് സമീപത്ത് കിടന്ന അപകടത്തിൽ തകർന്ന വാഹനം പഞ്ചായത്ത് ഇടപെട്ട് എക്സ്കവേറ്റർ ഉപയോഗിച്ച് നീക്കി. അപകടങ്ങൾ സംഭവിച്ചാൽ ദിവസങ്ങൾക്കകം റോഡിൽ നിന്ന് വാഹനങ്ങൾ നീക്കുന്നതിന് പൊലീസിന്റെ സഹായം തേടുകയോ, ആവശ്യമായ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡൻറ് ജെർളി കപ്രശ്ശേരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

