15കാരനെ ഇടിച്ചുതെറിപ്പിച്ച വാഹനം കണ്ടെത്തി
text_fieldsഅപകടമുണ്ടാക്കിയ വാഹനം വിയ്യൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ
തൃശൂർ: വിയ്യൂർ പാലത്തിന് സമീപം സൈക്കിളിൽ പോവുകയായിരുന്ന 15കാരനെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ വാഹനം ഉടമതന്നെ വിയ്യൂർ സ്റ്റേഷനിൽ എത്തിച്ചു. ആഗസ്റ്റ് 15നാണ് ചാര നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ അപകടമുണ്ടാക്കിയത്. ഗുരുതര പരിക്കേറ്റ് പിടഞ്ഞ കുട്ടിയെ വാഹനത്തിലുള്ളയാൾ എത്തി നോക്കുന്നതും ആശുപത്രിയിലെത്തിക്കാതെ പോകുന്നതും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു.
കാറിെൻറ മുൻവശത്തെ ബംബറിെൻറ വലത് ഭാഗവും മുൻവശത്തെ മഡ്ഗാർഡും സംഭവസ്ഥലത്ത് അടർന്ന് വീണിരുന്നു. ഇതുവഴി കടന്നുവന്ന യാത്രക്കാരാണ് പരിക്കേറ്റ് കിടന്ന കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനാലാണ് ജീവൻ രക്ഷിക്കാനായത്. അപകടമുണ്ടാക്കി കടന്ന വാഹനത്തെ കുറിച്ചുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വാഹനം പുറത്തേക്കിറക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. വിയ്യൂർ മണലാറുകാവ് സ്വദേശിയുടേതാണ് വാഹനം. ഉടമയാണോ അതോ മറ്റാരെങ്കിലുമാണോ വാഹനം ഓടിച്ചിരുന്നതടക്കമുള്ളവയിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

