പുതുക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ അപകടം പതിവ്
text_fieldsആമ്പല്ലൂർ: പുതുക്കാട് സ്റ്റാൻഡിന് മുന്നിൽ അപകടങ്ങൾ പതിവായതോടെ ചാലക്കുടി ഭാഗത്തുനിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾക്ക് ദേശീയ പാതയിൽ നിന്ന് സ്റ്റാൻഡിലേക്ക് കടക്കാനുള്ള പ്രവേശന കവാടം അടച്ചു. ദേശീയപാത അതോറിറ്റിയുടെ നിർദേശപ്രകാരം ടോൾ കമ്പനിയാണ് കവാടം അടച്ചത്.
ദേശീയപാതയുടെ മധ്യഭാഗത്ത് കോൺക്രീറ്റ് ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പരിഷ്കാരം ഏർപ്പെടുത്തിയത്. ചാലക്കുടി ഭാഗത്തുനിന്നുള്ള ദീർഘദൂര ബസുകൾ ഉൾപ്പടെ എല്ലാ ബസുകളും ദേശീയപാതയോരത്ത് നിർത്തി പോകണം. അതേ സമയം തൃശൂർ ഭാഗത്തുനിന്നുള്ള ബസുകൾക്ക് സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ തടസ്സമില്ല.
ദേശീയപാതയിലൂടെയുള്ള വാഹനങ്ങൾ ശ്രദ്ധിക്കാതെ കെ.എസ്.ആർ.ടി.സി ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതും തിരിച്ചുപോകുന്നതും മൂലമുണ്ടായ അപകടങ്ങളിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസിൽ ബൈക്ക് ഇടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചതോടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ഇതോടെയാണ് പുതിയ പരിഷ്കാരം ഏർപ്പെടുത്താൻ അധികൃതർ തയാറായത്. അതേസമയം ചാലക്കുടി ഭാഗത്തുനിന്നുള്ള ബസുകൾ സ്റ്റാൻഡിന് എതിർവശത്തെ ദേശീയപാതയിൽ നിർത്തുന്നത് അപകടങ്ങൾക്കിടയാക്കാൻ സാധ്യതയേറെയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
പുതുക്കാട് സിഗ്നൽ കഴിഞ്ഞ് വേഗതയിലാണ് വാഹനങ്ങൾ ഇവിടെ വരുന്നത്. ഇവിടെ ബസുകൾ നിർത്തുന്നത് വഴി പിന്നിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപെടാനിടയുണ്ട്. സ്റ്റാൻഡിന് സമീപത്തെ വീതിയുള്ള ഭാഗത്ത് ബസ് നിർത്താൻ സൗകര്യങ്ങൾ ഒരുക്കുകയോ, അല്ലെങ്കിൽ സ്റ്റാൻഡിന് മുന്നിൽ ബസ് നിർത്തുന്നത് ഒഴിവാക്കി പുതുക്കാട് സെന്ററിലെ സ്റ്റോപ്പ് മാത്രമാക്കി നിലനിർത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

