ബാലതാരത്തിനെതിരെ അശ്ലീല ട്രോളുകള്‍; കൊല്ലം സ്വദേശി പിടിയിൽ
text_fieldsഅല്‍ അമിന്‍
ഇരിങ്ങാലക്കുട: ടെലിവിഷന്‍ ചാനലിലെ സീരിയലില്‍ അഭിനയിച്ചുകൊണ്ടിരുന്ന ബാലതാരത്തെ ഫേസ്ബുക്കിലൂടെ അപമാനിച്ച കേസിലെ പ്രതിയെ ഇരിങ്ങാലക്കുട സൈബര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.കെ. പത്മരാജനും സംഘവും അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ കണ്ണനെല്ലൂര്‍ സ്വദേശി അലി മന്‍സിലില്‍ അല്‍ അമീനാണ് (23) പോക്സോ നിയമപ്രകാരം സൈബര്‍ പൊലീസിെൻറ പിടിയിലായത്.
ബാലതാരത്തിെൻറ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് അല്‍ അമീന് 2019 മുതല്‍ അശ്ലീല ട്രോളുകള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. വിഷയം ശ്രദ്ധയിൽപെട്ട സംസ്ഥാന ബാലാവകാശ കമീഷന് തിരുവനന്തപുരം സൈബര്‍ പൊലീസിനോട് കേസെടുക്കാന്‍ നിർദേശിക്കുകയായിരുന്നു. തുടർന്ന് സൈബര്‍ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.കെ. പത്മരാജെൻറ നേതൃത്വത്തില്‍ സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സ്പെഷല്‍ സ്ക്വാഡ് രൂപവത്കരിച്ചു. ഫേസ്ബുക്കില്‍നിന്നും ഇൻറര്‍നെറ്റ് സേവനദാതാക്കളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ച് സ്ക്വാഡ് അംഗങ്ങള്‍ അന്വേഷണം നടത്തിവരവെയാണ് കൊല്ലം ജില്ലയില്‍നിന്ന് പ്രതി അറസ്റ്റിലായത്. പൊലീസ് പിടിക്കാതിരിക്കാൻ മറ്റൊരാളുടെ വിലാസത്തിലുള്ള മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചാണ് പ്രതി ഇത്തരം കാര്യങ്ങള്‍ ചെയ്ത് വന്നിരുന്നത്. അതിനാൽ പ്രതിയെ തിരിച്ചറിയാൻ പൊലീസ് വളരെയധികം ബുദ്ധിമുട്ടി.
ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെ സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന ടീം വളരെയധികം േഡറ്റ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്. അന്വേഷണസംഘത്തില്‍ ഇരിങ്ങാലക്കുട സൈബര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒമാരായ ടി.എന്‍. സുനില്‍ കുമാര്‍, എ.കെ. മനോജ്, സി.പി.ഒമാരായ കെ.ജി. അജിത്ത്കുമാര്‍, എം.എസ്. വിപിന്‍, സി.കെ. ഷനൂഹ്, കെ.എ. ഹസീബ് എന്നിവരും ഉണ്ടായിരുന്നു. പ്രതി നിർമിച്ച അശ്ലീല ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും അശ്ലീല ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയും ചെയ്ത ആയിരത്തോളം പേരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. വിവരങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ അവരെ കൂടി കേസില്‍ പ്രതിചേര്‍ക്കുമെന്നും സ്ത്രീകള്‍ക്കും കുട്ടികൾക്കുമെതിരെ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലി അറിയിച്ചു. കോടതിയില്‍ ഹാജാരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

