കുഞ്ഞുകുഞ്ഞ് നെൽവിത്തിന്റെ അവകാശം പിക്കാനാവാതെ അബ്രഹാം യാത്രയായി
text_fieldsഅബ്രഹാം
അതിരപ്പിള്ളി: പ്രമുഖ കർഷകനായിരുന്ന വെറ്റിലപ്പാറ അത്തിക്കൽ അബ്രഹാം 97ാം വയസ്സിൽ ജീവിതത്തോട് വിട പറയുന്നത് താൻ വികസിപ്പിച്ച ‘കുഞ്ഞുകുഞ്ഞ്’ എന്ന് പേരായ നെൽവിത്തിന്റെ പേറ്റന്റ് അവകാശം സ്ഥാപിച്ച് കിട്ടാനാവാതെ. 1967ൽ താൻ വികസിപ്പിച്ച നെൽവിത്ത് കാർഷിക സർവകലാശാലയിലെ പ്രമുഖ ഉദ്യോഗസ്ഥ തട്ടിയെടുത്തുവെന്ന പരാതിയുമായി അബ്രഹാം കാലങ്ങളായി അധികാര കേന്ദ്രങ്ങളെയും നിയമ സംവിധാനങ്ങളെയും സമീപിച്ച് വരികയായിരുന്നു. കൃഷിമന്ത്രിക്കും കാർഷിക രംഗത്തെ പ്രമുഖർക്കും നിരന്തരം പരാതി നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.
കാട്ടുമൃഗങ്ങളോടും പ്രതികൂല പ്രകൃതിയോടും ഏറ്റുമുട്ടി വളർന്നുവന്ന ആദ്യകാല കുടിയേറ്റ കർഷകനാണ് അത്തിക്കൽ അബ്രഹാം. കാർഷിക രംഗത്ത് ആത്മാർഥമായ പ്രവർത്തനത്തിന് നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഇതിനിടയിലാണ് കാർഷിക സർവകലാശാലയുമായി അദ്ദേഹം നിയമപോരാട്ടത്തിലായത്. കാർഷിക സർവകലാശാല അതിന്റെ പേരിൽ ഉടമാവകാശം സ്ഥാപിച്ച കുഞ്ഞുകുഞ്ഞ് നെൽവിത്ത് യഥാർഥത്തിൽ താൻ വികസിപ്പിച്ചതാണെന്നും തട്ടിയെടുത്തതാണെന്നുമായിരുന്നു അബ്രഹാമിന്റെ പരാതി.
1967ൽ തൊടുപുഴയിലെ കരിമണ്ണൂരിൽ കൃഷി ചെയ്യുന്നതിനിടയിൽ ഐ.ആർ8 ഉം തവളക്കണ്ണനും സംയോജിപ്പിച്ചാണ് താൻ ഈ ഇനം വികസിപ്പിച്ചതെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ‘കുഞ്ഞുകുഞ്ഞ്’ എന്നത് തന്നെ വിളിച്ച പേരായിരുന്നു. ആ പേര് താൻ വികസിപ്പിച്ച നെൽവിത്തിനും നൽകിയെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, സർവകലാശാല ഇതിനെ എതിർത്തു.
1997-98 കാലത്ത് സ്ഥാപനത്തിന്റെ പരീക്ഷണശാലയിൽ ‘കുഞ്ഞുകുഞ്ഞ് വർണ്ണ’, ‘കുഞ്ഞുകുഞ്ഞ് പ്രിയ’ എന്നീ രണ്ട് ഇനങ്ങൾ വികസിപ്പിച്ചെന്നാണ് സർവകലാശാല പറഞ്ഞത്. പാലക്കാട്ടുനിന്ന് ലഭിച്ച പ്രാദേശിക ഇനത്തിൽനിന്നാണ് അത് വികസിപ്പിച്ചെടുത്തതെന്നും അവർ പറഞ്ഞു. അതേസമയം, കാർഷിക സർവകലാശാല ഉൽപാദിപ്പിക്കുന്ന നെൽവിത്തിന് എന്തിന് കുഞ്ഞുകുഞ്ഞ് എന്ന് പേരിട്ടുവെന്ന് അബ്രഹാമും മറ്റും ഉന്നയിച്ചുവന്നു. ആ ചോദ്യം ബാക്കിയാണ് അബ്രഹാം വിട പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

