മോഷ്ടിച്ച കാറുമായി കടന്ന യുവാവിനെ പിടികൂടി
text_fieldsഫൈസൽ
ആമ്പല്ലൂർ: മലപ്പുറം കാളികാവിൽനിന്ന് മോഷ്ടിച്ച കാറുമായി കടന്ന യുവാവിനെ പുതുക്കാട് പൊലീസ് പിടികൂടി. ആലപ്പുഴ അരൂക്കുറ്റി സ്വദേശി പെരിങ്ങാട്ട് വീട്ടിൽ ഫൈസലാണ് (28) പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മലപ്പുറത്തുനിന്ന് കാർ മോഷ്ടിച്ച് കടന്ന യുവാവിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പാലിയേക്കര ടോൾ പ്ലാസയിൽ പരിശോധന നടത്തുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്ന കാറിനെ പിന്തുടരുകയായിരുന്നു.
പുതുക്കാട് പൊലീസ് സ്റ്റേഷന് മുന്നിലെ യൂടേണിൽ വെച്ച് പൊലീസ് കാർ തടഞ്ഞെങ്കിലും യുവാവ് പുറത്തേക്കിറങ്ങി ഓടി. പിന്നാലെ ഓടി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പിന്നീട് കാളികാവ് പൊലീസിന് പ്രതിയെ കൈമാറി. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പുതുക്കാട് എസ്.എച്ച്.ഒ വി. സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

