മദ്യപിച്ചെത്തി വീടാക്രമിച്ച് ഗൃഹനാഥനെയും മകനെയും മർദിച്ച യുവാവ് പിടിയിൽ
text_fieldsഅറസ്റ്റിലായ അക്ഷയ്
അന്തിക്കാട്: രാത്രി മദ്യപിച്ചെത്തി വീടാക്രമിച്ച് ഗൃഹനാഥനെയും മകനെയും മർദിച്ച് പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ. അന്തിക്കാട് കുറ്റിപറമ്പിൽ അക്ഷയിനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തിൽ പരിക്കേറ്റ പുത്തൻപീടിക പള്ളി ഗ്രൗണ്ട് റോഡിൽ ആലപ്പാട്ട് മേച്ചേരിപ്പടി ഡെന്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡെന്നിയുടെ വീടിന് നേരെ രാത്രി 12ഓടെയായിരുന്നു ആക്രമണം. വീടിന്റെ മുന്നിലുള്ള റോഡിൽ ശബ്ദം കേട്ട് വാതിൽ തുറന്ന് നോക്കിയപ്പോൾ ബൈക്കിൽ യുവാവ് വീണ് കിടക്കുന്നതാണ് കണ്ടത്.
ഡെന്നിയും മകനും ഓടി വന്ന് ബൈക്ക് മാറ്റി യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ എഴുന്നേറ്റ ഇയാൾ ഡെന്നിയേയും മകനെയും ആക്രമിക്കുകയായിരുന്നു. തുടർന്ന് വീടിന്റെ ഗേറ്റ് തകർത്ത് അകത്തേക്ക് അതിക്രമിച്ചു കയറിയ യുവാവ് ഇറയത്ത് വെച്ചിരുന്ന ട്രോഫി എടുത്ത് വീടിന്റെ വാതിലും ജനൽ ചില്ലുകളും അടിച്ചു തകർത്തു. ആക്രമണം തുടർന്നതോടെ വീട്ടുകാർ വിവരം അറിയിച്ചതു പ്രകാരം എത്തിയ അന്തിക്കാട് പൊലീസ് യുവാവിനെ പിടികൂടുകയായിരുന്നു.