അരിമ്പൂരിൽ ബസിടിച്ച് യുവാവ് മരിച്ച സംഭവം; മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു
text_fieldsഅരിമ്പൂരിൽ അമിതവേഗതയിൽ വന്ന ബസിടിച്ച് മരിച്ച ബൈക്ക് യാത്രക്കാരനായ സൗരവിന്റെ മൃതദേഹവുമായി
നാട്ടുകാർ റോഡ് ഉപരോധിക്കുന്നു
കാഞ്ഞാണി: അരിമ്പൂരിൽ അമിതവേഗതയിൽ വന്ന ബസിടിച്ച് മരിച്ച ബൈക്ക് യാത്രക്കാരനായ യുവാവിന്റെ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു. അശ്രദ്ധമായി ഓടിച്ച ബസിടിച്ച് എറവ് സ്വദേശി സൗരവ് (25) ആണ് മരിച്ചത്. ‘കിരൺ’ ബസിന്റെ മരണപ്പാച്ചിൽ ചൂണ്ടിക്കാട്ടിയാണ് തൃശൂർ-വാടാനപ്പള്ളി സംസ്ഥാന പാതയിൽ അരിമ്പൂരിൽ നാട്ടുകാർ റോഡ് ഉപരോധിച്ചത്.
പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം കൊണ്ടുവരുന്നതിനിടയിലാണ് നാട്ടുകാർ സംഘടിച്ച് ആംബുലൻസ് റോഡിൽ നിർത്തിയിട്ട് ഉപരോധിച്ചത്. ഈ നേരം ഇതുവഴി പോയിരുന്ന അപകട മരണത്തിന് കാരണമായ കിരൺ എന്ന കമ്പനിയുടെ ബസ് തടഞ്ഞ് മരണപ്പെട്ട യുവാവിന്റെ ഫ്ലക്സ് ബസിൽ കെട്ടി നാട്ടുകാർ പ്രതിഷേധിച്ചു.
മരണപ്പാച്ചിൽ നടത്തുന്ന ബസ് ജീവനക്കാർക്ക് നാട്ടുകാർ മുന്നറിയിപ്പും നൽകി. പ്രതിഷേധ സമരം മൂലം ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച വൈകീട്ട് ഏഴോടെ എറവ് കപ്പൽപ്പള്ളിക്ക് സമീപത്ത് വെച്ചാണ് തൃശൂരിലേക്ക് അമിതവേഗതയിൽ പോയിരുന്ന ബസും എതിർദിശയിൽ സൗരവ് സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിച്ചത്.
സ്വകാര്യ ബസ് മുന്നിൽ പോയിരുന്ന കാറിനെ അശ്രദ്ധമായി മറികടന്നതാണ് ബൈക്ക് യാത്രക്കാരന്റെ ജീവനെടുക്കാൻ ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. കിരൺ ബസ് നേരത്തെ കണ്ടശ്ശാംകടവ് പാലത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതിയുടെ കാൽ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു.
നടുവിൽക്കരയിൽ വെച്ച് കിരൺ ബസിൽനിന്ന് ഇറങ്ങുന്നതിനിടയിൽ വാഹനം എടുത്തതോടെ വീണ് വിദ്യാർഥിനിക്കും പരിക്കേറ്റിരുന്നു. ബസിന്റെ മത്സരഓട്ടവും മരണപാച്ചിലുമാണ് നാട്ടുകാരുടെ പ്രതിഷേധത്തിൽ കലാശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

