ചിറ കവർന്ന വിദ്യാർഥികൾക്ക് കണ്ണീരോടെ വിട
text_fieldsകൈനൂർ ചിറയിൽ മുങ്ങിമരിച്ച തൃശൂർ സെന്റ് തോമസ് കോളജ് വിദ്യാർഥികളായ നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ, അബി ജോൺ എന്നിവരുടെ മൃതദേഹം കോളജിൽ പൊതുദർശനത്തിന് വെച്ചപ്പോൾ മന്ത്രി കെ. രാജൻ, കലക്ടർ വി.ആർ. കൃഷ്ണതേജ എന്നിവരും അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉൾപ്പെടെ
കോളജ് മാനേജ്മെന്റ് പ്രതിനിധികളും അന്തിമോപചാരം അർപ്പിക്കുന്നു
തൃശൂര്‍: പുത്തൂർ പുഴയിലെ കൈനൂര്‍ ചിറയില്‍ കഴിഞ്ഞദിവസം മുങ്ങിമരിച്ച സുഹൃത്തുക്കളായ നാല് വിദ്യാര്‍ഥികൾക്ക് കണ്ണീരോടെ നാടിന്റെ വിട.
തൃശൂർ സെന്റ് തോമസ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥികളായ കുറ്റൂർ ഹെവൻലി വില്ല വിളങ്ങാടൻ വീട്ടിൽ അബി ജോൺ, വടൂക്കര തോട്ടുപുറത്ത് വീട്ടിൽ നിവേദ് കൃഷ്ണ, പൂങ്കുന്നം ലെനിൻ നഗർ കാപിറ്റൽ ഗാലക്സി അപ്പാർട്മെന്റ്സിൽ സിയാദ് ഹുസൈൻ, എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥി കുറ്റൂർ ചീരത്ത് വീട്ടിൽ കെ. അർജുൻ എന്നിവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.
സെന്റ് തോമസ് കോളജിലും നാലുപേരുടെ വീടുകളിലും പൊതുദർശനത്തിന് വെച്ച ശേഷമാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്. കുട്ടികളുടെ രക്ഷിതാക്കളെ ആശ്വസിപ്പിക്കാനാകാത്ത അവസ്ഥയിലായിരുന്നു ബന്ധുക്കളും നാട്ടുകാരും.
സെന്റ് തോമസ് കോളജ് ജൂബിലി ബ്ലോക്കില്‍ പൊതുദര്‍ശനത്തിന് മൃതദേഹങ്ങളിൽ റവന്യൂമന്ത്രി കെ. രാജനും കലക്ടര്‍ വി.ആര്. കൃഷ്ണതേജയും സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകനും അന്തിമോപചാരം അര്‍പ്പിച്ചു. മൃതദേഹങ്ങള്‍ സൂക്ഷിച്ച മെഡിക്കല്‍ കോളജ്, താലൂക്ക് ആശുപത്രി മോര്‍ച്ചറികളില്‍ മന്ത്രി എത്തിയിരുന്നു. തുടര്‍ന്ന് മൃതദേഹത്തെ അനുഗമിച്ച് സെന്റ് തോമസ് കോളജില്‍ എത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

