മതസൗഹാർദത്തിന്റെ പാലം പണിത ഇടയൻ
text_fieldsഫാദർ ഡോ. ഫ്രാൻസിസ് ആലപ്പാട്ടിന്റെ ഭൗതികദേഹം കാണാനെത്തിയവർ
തൃശൂർ: മതസൗഹാർദത്തിന്റെ വലിയ പാലങ്ങൾ പണിത ഇടയനാണ് വിട പറഞ്ഞ ഡോ. ഫ്രാൻസിസ് ആലപ്പാട്ട്. മുമ്പ് ‘മാധ്യമ’ത്തോട് അദ്ദേഹം പറഞ്ഞ ഈ വാക്കുകളിലുണ്ട്, അദ്ദേഹം കടന്നുവന്ന മതസൗഹാർദ വഴികൾ. ‘‘പാറമേക്കാവിലാണ് എന്റെ വീട്. ചെറുപ്പത്തിൽ ക്രിസ്ത്യാനികൾ പാറമേക്കാവിന്റെ മുന്നിലൂടെ പോകുമ്പോൾ അങ്ങോട്ട് നോക്കില്ല. അവിടെ പിശാചുണ്ട് എന്നൊക്കെ പറഞ്ഞ്. എന്നാൽ, ഇപ്പോൾ അതൊക്കെ മാറി. തൂങ്കുഴി പിതാവും ഞാനും കൂടിച്ചേർന്ന് എല്ലാ ദേവസ്വങ്ങളും സന്ദർശിച്ച് സൗഹാർദമുണ്ടാക്കി.
തൃശൂർ പൂരത്തിന്റെയും പൂരം എക്സിബിഷന്റെയും സ്ഥിരം എക്സിക്യൂട്ടീവ് അംഗമാണ് പിതാവ്. ഈ സൗഹൃദത്തിന്റെ പുറത്താണ് പൂരം എക്സിബിഷനിൽ ജൂബിലി മിഷൻ മെഡിക്കൽ കോളജിന് വർഷങ്ങളായി സൗജന്യമായി പവലിയൻ ലഭിക്കുന്നത്. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ പ്രധാന ചടങ്ങുകളിൽ ക്ഷണം ലഭിക്കാറുണ്ട്. ഇപ്പോഴത്തെ ബിഷപ്പ് മുൻകൈയെടുത്ത് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് നല്ലതാണ്. ഇത് മതസൗഹാർദം ഏറ്റവും ആവശ്യമുള്ള കാലഘട്ടമാണ്. വെറുതെ ചടങ്ങുകളിൽ പങ്കെടുത്താൽ മാത്രം പോരാ, മനസ്സിൽ ആത്മാർഥത കൂടി വേണം’’ -ആലപ്പാട്ടച്ചൻ പറയുന്നു.
‘‘ഞാനൊരു വിശ്വാസിയായ യുക്തിവാദിയാണ്. ഗാന്ധിജി പറഞ്ഞത് പോലെ, വിശ്വാസം ഒരിക്കലും യുക്തിക്ക് എതിരാവരുത്’’- എന്ന് പറഞ്ഞ അദ്ദേഹം ജീവിതത്തിലും അത് കാണിച്ചുതന്നു. ‘‘അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രമുറ്റത്ത് അപകടാവസ്ഥയിലായ, 300 വർഷം പഴക്കമുള്ള ഇലഞ്ഞിമരം സംരക്ഷിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ഇതിന് ഉദാഹരണമാണ്.
പത്രത്തിൽ ആ മരം ചരിഞ്ഞ് നിൽക്കുന്ന പടം കണ്ടപ്പോൾ എനിക്ക് വലിയ സങ്കടം തോന്നി. ആ മരത്തിലാണ് അയ്യപ്പന്മാർ മാലയൂരി സമർപ്പിക്കുന്നത്. നഗരസഭ, കെ.എഫ്.ആർ.ഐ, ഫയർഫോഴ്സ്, പൊലീസ്, ക്ഷേത്രം ഭാരവാഹികൾ എന്നിവരുടെയെല്ലാം അനുമതിയോടെ, മൂന്ന് ക്രയിനുകൾ ഉപയോഗിച്ച് ആ മരം നിവർത്തി നിർത്തി. കേടുപാട് തീർത്ത്, ഫംഗസ് ബാധക്ക് മരുന്ന് വെച്ച്, തറ കെട്ടി സംരക്ഷിച്ചു. ആ മരം വീണ്ടും പൂത്തു, കായ്കളുണ്ടായി’’- മണ്ണിനെയും മരത്തെയും മനുഷ്യരെയും ഒരുപോലെ സ്നേഹിച്ച വലിയ ഇടയനെ നാട് എന്നും ഓർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

