പൂരപ്പുലർച്ച നഗരത്തിൽ വൻ തീപിടിത്തം
text_fieldsRepresentational Image
തൃശൂർ: നഗരത്തിൽ പൂരനാളിൽ പുലർച്ചെ മൂന്നരയോടെ വൻ തീപിടിത്തം. പാചക വാതക സിലിണ്ടറിന് തീ പടർന്ന് മൂന്ന് കടകൾ കത്തിനശിച്ചു. ആളൊഴിഞ്ഞ നേരമായതിനാൽ ആർക്കും പരിക്കില്ല. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. സ്വരാജ് റൗണ്ടിനടുത്തുള്ള അഞ്ചുവിളക്കിന് സമീപത്തെ കടകളാണ് കത്തിയത്. ‘ടീ ഹൗസ്’ എന്ന കടക്കാണ് ആദ്യം തീപിടിച്ചത്. അടച്ചിട്ട ഈ കടയുടെ ഉള്ളിൽ പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഫയർ സ്റ്റേഷന്റെ അടുത്ത് തന്നെയായതിനാൽ പെട്ടെന്ന് അഗ്നിരക്ഷസേന എത്തി. അപ്പോഴേക്കും രണ്ട് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചിരുന്നു. തൊട്ടടുത്തുള്ള മഞ്ചകൾ വിൽക്കുന്ന കടയിലേക്കും തീപടർന്നു. മഞ്ചകളും മറ്റും കത്തിനശിച്ചു. സമീപത്തെ ജ്വല്ലറിയിലേക്കും തീ പടർന്നു. ഏതാനും വെള്ളി ആഭരണങ്ങൾ ഉരുകി. സ്വർണാഭരണങ്ങൾ ലോക്കറിലായതിനാൽ നശിച്ചില്ല. മെഴുകുതിരിക്കട, ലോട്ടറിക്കട എന്നിവയിലേക്കും തീ പടർന്നു. പരിസരത്ത് വൈദ്യുതി ഇല്ലാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. അഗ്നിരക്ഷസേന മൂന്ന് മണിക്കൂർ പണിപ്പെട്ടാണ് തീയണച്ചത്.
തൃശൂരിൽ നിന്നും പുതുക്കാട്, നാട്ടിക, വടക്കാഞ്ചേരി, കുന്നംകുളം, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്നുമുള്ള യൂനിറ്റുകൾ സ്ഥലത്തെത്തി. ജില്ല ഫയർ ഓഫിസർ അരുൺ ഭാസ്കർ, തൃശൂർ സ്റ്റേഷൻ ഓഫിസർ വിജയ് കൃഷ്ണ, സ്റ്റേഷൻ ഇൻചാർജ് സ്മിനേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

