ആശുപത്രി എൻ.ഐ.സി.യുവിൽ തീപിടിത്തം
text_fieldsതീപിടിത്തം ഉണ്ടായ മദർ ആശുപത്രിയിലെ എൻ.ഐ.സി.യു
തൃശൂർ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നവജാതശിശുക്കളുടെ അത്യാഹിത വിഭാഗത്തിൽ (എൻ.ഐ.സി.യു) തീപിടിത്തം. ഒളരി മദർ ആശുപത്രിയിലെ എൻ.ഐ.സി.യുവിൽ ബുധനാഴ്ച ഉച്ചക്ക് 12.20നാണ് അപകടമുണ്ടായത്. ഉടൻ അണക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി. ഏഴ് കുട്ടികൾ ഐ.സി.യുവിൽ ചികിത്സയിലുണ്ടായിരുന്നു. തീപടർന്ന ഉടൻ നഴ്സുമാർ കുട്ടികളെ മാറ്റി. ഒപ്പം ഫയർഫോഴ്സെത്തി തീയണച്ചതിനാൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല.
ഐ.സി.യുവിൽനിന്ന് ലേബർ റൂമിലേക്കും പുക പടർന്നതോടെ ഇവിടെ ഉണ്ടായിരുന്ന രണ്ട് ഗർഭിണികളെ അടുത്തുള്ള വാർഡിലേക്ക് മാറ്റി. പൊതുവേ വായുസഞ്ചാരം കുറവുള്ള എൻ.ഐ.സി.യുവിന്റെ ചില്ലുകൾ തകർത്താണ് സേന അംഗങ്ങൾ അകത്തു പ്രവേശിച്ചത്.
തൃശൂർ അഗ്നി രക്ഷാ വിഭാഗത്തിൽനിന്ന് രണ്ട് യൂനിറ്റ് ഫയർ എൻജിനുകൾ എത്തിയിരുന്നു. ജില്ല ഫയർ ഓഫിസർ അരുൺ ഭാസ്കർ, സ്റ്റേഷൻ ഓഫിസർ വിജയ് കൃഷ്ണ, അസി. സ്റ്റേഷൻ ഓഫിസർമാരായ രഘുനാഥ്, ശരത് ചന്ദ്രബാബു, സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ ജ്യോതികുമാർ എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചോളം വരുന്ന സേന അംഗങ്ങളും ചേർന്നാണ് തീയണച്ചത്.
എയർകണ്ടീഷണറിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. ഉപകരണങ്ങളെല്ലാം തീയും പുകയുമേറ്റ് നശിച്ചു. നഷ്ടം കണക്കാക്കുന്നതേയുള്ളൂവെന്ന് ഫയർഫോഴ്സ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

