പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: യുവാവ് അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ അജ്മൽ
പുന്നയൂർക്കുളം (തൃശൂർ): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വയനാട് തൊണ്ടർനാട് മട്ടിലയം കേളോത്ത് വീട്ടിൽ അജ്മലിനെയാണ് (33) വടക്കേക്കാട് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
വടക്കേക്കാട് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിലാണ് ഇയാൾ പിടിയിലായത്. തൃശൂർ സിറ്റി പൊലീസ് സൈബർ സെല്ലിന്റെ അന്വേഷണത്തിലാണ് പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാം മുഖേന ഖത്തറിൽ ഡ്രൈവർ ജോലി ചെയ്യുന്ന അജ്മലുമായി അടുപ്പമുണ്ടെന്ന് മനസ്സിലായത്.
അജ്മൽ കഴിഞ്ഞ ദിവസമാണ് ഖത്തറിൽനിന്ന് കരിപ്പൂർ വിമാനത്താവളം വഴി തൃശൂരിലെത്തിയത്. പെൺകുട്ടിയുമായി പോയ അജ്മലിനെ പിന്നീട് ബത്തേരിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. തനിക്ക് 25 വയസ്സാണെന്നും അവിവാഹിതനാണെന്നുമാണ് പെൺകുട്ടിയെ ധരിപ്പിച്ചത്.
വിവാഹം കഴിച്ച് ഖത്തറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് പ്രലോഭിപ്പിച്ചത്. തൃശൂരിൽനിന്ന് വയനാട്ടിലേക്കുള്ള യാത്രക്കിടെ കോഴിക്കോട്ടെ ഹോട്ടലിൽ കൊണ്ടുപോയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. അജ്മൽ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. 2020ൽ കഞ്ചാവുകേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

