ദേശീയപാതയിൽ പൈപ്പ് പൊട്ടി ആഴ്ചകളായി കുടിവെള്ളം പാഴാകുന്നു
text_fieldsദേശീയപാതയിൽ ഏങ്ങണ്ടിയൂർ ഏത്തായി ഭാഗത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
ചേറ്റുവ: ദേശീയപാതയിൽ ഏങ്ങണ്ടിയൂർ ഏത്തായിയിൽ ആഴ്ചകളായി കുടിവെള്ളം പാഴായിട്ടും നടപടിയില്ലെന്ന് ആക്ഷേപം. പല ഭാഗങ്ങളിലും പൈപ്പുകൾ പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകുകയാണ്. ഇത് കണ്ടില്ലെന്ന മട്ടിലാണ് അധികൃതർ. ദേശീയപാത ആയതിനാൽ ദേശീയപാത കരാർ കമ്പനി കുടിവെള്ള പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തുന്നുമില്ല. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന മേഖലയാണിത്. പൈപ്പ് പൊട്ടിയതോടെ കുടിവെള്ളവിതരണം തടസ്സപ്പെട്ടു.
ചേറ്റുവ പടന്ന തീരദേശ മേഖലയിൽ പല പ്രദേശത്തേക്കും കുടിവെള്ളം എത്തുന്നില്ല. ഏങ്ങണ്ടിയൂരിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് കാരുണ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു. പലതവണ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടും ഇതുവരെയും പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. തീരദേശ മേഖലയിലും പരിസരപ്രദേശങ്ങളിലും വർഷങ്ങളായി വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം തടസ്സപ്പെട്ടത് ചൂണ്ടിക്കാട്ടി ലത്തീഫ്കെട്ടുമ്മൽ മാസങ്ങൾക്ക് മുമ്പ് ഹൈകോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിരുന്നു.
കോടതി ഇടപെടലിലൂടെ പ്രദേശത്ത് രണ്ട് മാസത്തോളം വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം ലഭിച്ചിരുന്നു. ഇപ്പോൾ പ്രദേശത്ത് വീണ്ടും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഏങ്ങണ്ടിയൂരിലെയും തീര മേഖലയിലെയും കുടിവെള്ളക്ഷാമത്തിനു പരിഹാരം കണ്ടില്ലെങ്കിൽ അടുത്ത ദിവസം വീണ്ടും ഹൈകോടതിയെ സമീപിക്കുമെന്ന് ലത്തീഫ് കെട്ടുമ്മൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

