മഹാത്മാവിന്റെ പാദസ്പർശമേറ്റ് 98 വർഷം; തൃശൂരിൽ ഇപ്പോഴും സ്മൃതിമണ്ഡപമില്ല
text_fieldsതൃശൂർ: ഗാന്ധിജിയുടെ ആദ്യ തൃശൂർ സന്ദർശനത്തിന് 98 വർഷം. 1925 മാർച്ച് 18ന് ഉച്ചക്കു ശേഷമായിരുന്നു ഗാന്ധിജി ആദ്യമായി തൃശൂർ പട്ടണത്തിൽ എത്തിയത്. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട കേരളത്തിലെത്തിയ രണ്ടാം സന്ദർശനത്തിലാണ് ഗാന്ധിജി ആദ്യമായി തൃശൂരിലെത്തുന്നത്.
തൃശൂർ നഗരസഭ, യോഗക്ഷേമസഭ, തൃശൂരിലെ വിദ്യാർഥികൾ എന്നിവർ ചേർന്നാണ് തേക്കിൻകാട് മൈതാനത്ത് മണികണ്ഠനാലിന് സമീപം സ്വീകരണം ഒരുക്കിയത്.
തൃശൂരിൽ എത്തിയ മഹാത്മജി സ്ഥാനമൊഴിഞ്ഞ രാമവർമ രാജാവിനെയും സന്ദർശിച്ചിരുന്നു. 18ന് തൃശൂരിലെ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്ത ശേഷം 19ന് പാലക്കാടുനിന്ന് റെയിൽവേ തൊഴിലാളികളെ കൂടി അഭിസംബോധന ചെയ്താണ് ഗാന്ധിജി മടങ്ങിയത്. ഗാന്ധിജി ആഹ്വാനം ചെയ്ത അയിത്തോച്ചാടന മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു വൈക്കം സത്യഗ്രഹം.
വൈക്കം സത്യഗ്രഹത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സമരക്കാരെ അഭിസംബോധന ചെയ്ത് ഗാന്ധിജി സംസാരിച്ചു. ഈ സന്ദർശനത്തിലാണ് നാഴികക്കല്ലായി രേഖപ്പെടുത്തുന്ന ഗാന്ധി -ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയും. തിരുവിതാംകൂറിലെ രാജകുടുംബാംഗങ്ങളേയും നാട്ടുരാജ്യത്തിന് കീഴിലെ പ്രദേശങ്ങളും സന്ദര്‍ശിച്ചു.
തിരികെ പോകുംവഴി വീണ്ടും വൈക്കത്ത് എത്തി സത്യഗ്രഹികളെ കണ്ട് ഒരിക്കല്‍കൂടി പിന്തുണ അറിയിച്ചു. ആലുവ അദ്വൈതാശ്രമവും സന്ദര്‍ശിച്ചു. ജില്ലയിൽ 10 സ്ഥലങ്ങളിൽ ഈ മൂന്ന് സന്ദർശന വേളയിൽ ഗാന്ധിജി എത്തിച്ചേർന്നിരുന്നു.
മഹാത്മാവിന്റെ ആദ്യ സന്ദർശനം ശതാബ്ദിയിലെത്തുമ്പോഴും എം.ജി റോഡിനപ്പുറം ഗാന്ധിജിക്ക് ഉചിതമായ സ്മൃതി മണ്ഡപമില്ല. ശതാബ്ദിയാഘോഷിക്കുന്നതിന്റെ ഭാഗമായി കോർപറേഷൻ അങ്കണത്തിൽ ഇപ്പോഴാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചത്. നഗരത്തിൽ നെഹ്റുവിനും ഇ.എം.എസിനും കെ. കരുണാകരനും പ്രതിമയുണ്ട്. മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ പ്രതിമ നിർമിക്കാൻ ബജറ്റിൽ 50 ലക്ഷം വകയിരുത്തിയിട്ടുണ്ട്. അപ്പോഴും ഗാന്ധിജിക്ക് സ്മാരകമൊരുക്കുന്നത് അവഗണിക്കപ്പെട്ടു.
‘ശതാബ്ദിയിലെങ്കിലും സ്മൃതി മണ്ഡപം പ്രതീക്ഷിക്കുന്നു’
തൃശൂർ: ഗാന്ധിജിയുടെ തൃശൂർ സന്ദർശനത്തിന്റെ ശതാബ്ദി ആകുമ്പോഴേക്കും നഗരത്തിൽ മഹാത്മാ ഗാന്ധി സ്മൃതി മണ്ഡപം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സർവോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ. റവന്യൂ മന്ത്രിയെയും കലക്ടറെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വേണ്ട രീതിയിൽ പരിഗണിക്കുമെന്നാണ് കരുതുന്നത്.