ഏനാമാക്കല്‍ റെഗുലേറ്റര്‍ നവീകരണത്തിന് 8.59 കോടിയുടെ പദ്ധതി
text_fieldsതൃശൂർ ലൂർദ് ചർച്ച് ഹാളിൽ നടന്ന മേഖലതല അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു
തൃശൂർ: ജില്ലയിലെ ഏനാമാക്കല്‍ റെഗുലേറ്ററിന്റെ നവീകരണത്തിന് 8.59 കോടി രൂപയുടെയും ഇടിയഞ്ചിറ റെഗുലേറ്ററിന്റെ നവീകരണത്തിന് 5.04 കോടി രൂപയുടെയും പുതുക്കിയ ഭരണാനുമതി നല്കി. തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ വികസന പദ്ധതികള്‍ അവലോകനം ചെയ്യാനായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ ചേർന്ന മേഖലാതല അവലോകന യോഗത്തിലാണ് തീരുമാനം.
വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതികളുടെ കുരുക്കഴിക്കാനും നിലവില്‍ പുരോഗമിക്കുന്ന വികസന-ക്ഷേമ പദ്ധതികളുടെ വേഗം കൂട്ടാനും ആവശ്യമായ തീരുമാനങ്ങളും നടപടികളുമാണ് യോഗത്തിലുണ്ടായത്. നേരത്തേ മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക്തലത്തില്‍ നടന്ന ‘കരുതലും കൈത്താങ്ങും’ അദാലത്തുകളുടെ തുടര്‍ച്ചയായാണ് അവലോകന യോഗം. ഇതോടൊപ്പം ജില്ലയുടെ വിവിധ മേഖലകളിലെ പൊതുവായ വികസന പുരോഗതിയും യോഗം വിലയിരുത്തി.
വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മരം മുറിച്ചു മാറ്റുന്നതിന് കാലതാമസം നേരിടുന്നതിലും മരങ്ങള്‍ക്ക് സാമൂഹിക വനവത്കരണ വിഭാഗം നിശ്ചയിക്കുന്ന ഭീമമായ വില സംബന്ധിച്ചും പൊതുമാനദണ്ഡം സ്വീകരിച്ച് മന്ത്രിസഭ യോഗത്തില്‍ തീരുമാനം കൈക്കൊള്ളാൻ യോഗത്തില്‍ ധാരണയായി.
ജില്ലയിലെ സെപ്റ്റേജ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനാവശ്യമായ ഭൂമി ഏറ്റെടുക്കും. ഇതിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്താൻ ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. ചാലക്കുടി താലൂക്ക് പരിധിയിലെ മഴക്കെടുതി ഏറ്റവും കൂടുതല്‍ ബാധിക്കുന്ന മലക്കപ്പാറയില്‍ സ്ഥിരം ദുരിതാശ്വാസ ക്യാമ്പ് അനുവദിക്കുന്നതിന് വിശദമായ ഡി.പി.ആര് നല്‍കാനും യോഗം നിർദേശിച്ചു.
2017 - 18 തൃപ്രയാര്‍ -കാത്താണി -ചാവക്കാട് റോഡ് വികസനമായി ബന്ധപ്പെട്ട പുതിയ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കോള്‍ മേഖലയില്‍ ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിന് മുനയത്ത് സ്ഥിരം റെഗുലേറ്റര്‍ നിര്‍മിക്കുന്നതിന് ആവശ്യമായ ഡി.പി.ആര് സമര്‍പ്പിക്കാനും യോഗം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

