പന്നിത്തടത്ത് മീൻലോറി കാറിലിടിച്ച് ഏഴുപേർക്ക് പരിക്ക്
text_fieldsപന്നിത്തടം: സ്ഥിരം അപകടമേഖലയായ പന്നിത്തടം ജങ്ഷനിൽ മീൻ കയറ്റി വന്ന ലോറി കാറിലിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു. കാറിൽ യാത്ര ചെയ്ത മലപ്പുറം തിരൂർ സ്വദേശികളായ ആദിൽ ഫവാസ് (22), റിഫാൻ (20), സിനാൻ (21), മുഹ്സിൻ (22), ബിഷർ (22) എന്നിവർക്കും ലോറി ഡ്രൈവർ വൈപ്പിൻ ചെറായി സ്വദേശി ഇക്ബാൽ, സഹായി വൈപ്പിൻ സ്വദേശി ഷംസു എന്നിവർക്കുമാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാത്രി 11.20ഓടെയാണ് അപകടം. കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാന പാതയും അക്കിക്കാവ് -കേച്ചേരി ബൈപാസ് റോഡും കൂടിച്ചേരുന്ന സെന്ററാണ് പന്നിത്തടം.
വൈപ്പിനിൽനിന്ന് മത്സ്യവുമായി കുന്നംകുളം വഴി ചെറുതുരുത്തിക്ക് പോകുകയായിരുന്ന ലോറി എറണാകുളത്ത് നിന്ന് ബൈപാസ് റോഡ് വഴി മലപ്പുറത്തേക്ക് പോകുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. വടക്കാഞ്ചേരി ഭാഗത്ത് റോഡരുകിലെ വൈദ്യുതി പോസ്റ്റും തകർത്ത് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ച് കയറിയ കാർ പൂർണമായി തകർന്നു. കാറിലുളളവരെ നാട്ടുകാർ ചേർന്ന് പുറത്തെടുത്തു. പലരുടെയും പരിക്ക് ഗുരുതരമാണ്. അപകടത്തിൽ ലോറിയുടെ മുൻ വശവും തകർന്നു. ലോറിയിലുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. അപകടത്തിൽ വ്യാപാര സ്ഥാപനം പൂർണമായി തകർന്നു.
ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അപകടസമയത്ത് സിഗ്നൽ ലൈറ്റ് പ്രവർത്തിച്ചിരുന്നില്ല. രാത്രി 10 മുതൽ രാവിലെ ആറ് വരെ സിഗ്നൽ പ്രവർത്തിക്കാറില്ല.
സിഗ്നൽ ലൈറ്റുകൾ മുഴുവൻ സമയവും പ്രവർത്തിപ്പിക്കണമെന്നും സെന്ററിന് മുമ്പ് നാല് ഭാഗമുള്ള റോഡുകളിലും സ്പീഡ് ബ്രേക്കറുകളും ഹമ്പുകളും സ്ഥാപിക്കണമെന്നും നാട്ടുകാരും പൊതു പ്രവർത്തകരും രാഷ്ട്രീയ പാർട്ടികളും സംഘടനകളും ആവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിരന്തരം നിവേദനങ്ങളും പരാതികളും നൽകുന്നുണ്ടെങ്കിലും അധികൃതർ ഇത് പരിഗണിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കേബിൾ നെറ്റ് വർക്കിന്റെ ഫൈബർ കേബിളുകളും വൈദ്യുതി കമ്പികളും പൊട്ടിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

