ഓണക്കിറ്റ് കാത്ത് 51,497 പേർ
text_fieldsതൃശൂർ: ജില്ലയിൽ സംസ്ഥാന സർക്കാറിന്റെ ഓണക്കിറ്റിന് അർഹർ 51,497കാർഡ് ഉടമകൾ (എ.എ.വൈ- മഞ്ഞക്കാർഡ്). മഞ്ഞ കാർഡുടമകൾക്ക് പുറമേ അനാഥാലയങ്ങൾ, അഗതി മന്ദിരങ്ങൾ പോലെയുള്ള ക്ഷേമ സ്ഥാപനങ്ങളിലുള്ളവർക്കും വിതരണം ചെയ്യും. ഇവരുടെ കണക്കെടുപ്പ് പൂർത്തിയാവുകയാണ്. അതേസമയം, കിറ്റ് വിതരണത്തിന് ഇനിയും സാധനങ്ങൾ എത്തിയിട്ടില്ലെന്ന് ജില്ല സപ്ലൈ ഓഫിസർ പറഞ്ഞു. വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എത്തിയാൽ ഉടൻ വിതരണത്തിന് തയാറാക്കി അറിയിപ്പ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഏഴ് താലൂക്കുകളിലായി അരലക്ഷത്തോളം മഞ്ഞക്കാർഡുകാർക്കുള്ള കിറ്റുകളാണ് തയാറാക്കേണ്ടത്. 51,497കാർഡുടമകളിൽ നിന്ന് 1,71,342 ഗുണഭോക്താക്കളാണ് ജില്ലയിലുള്ളത്.
സാധനങ്ങൾ എത്താത്തതാണ് പ്രശ്നം. എല്ലാ കാർഡുടമകൾക്കും കിറ്റ് നൽകിയ കഴിഞ്ഞ വർഷങ്ങളിൽ നേരത്തെ സാധനങ്ങൾ ഗോഡൗണുകളിൽ എത്തിക്കുകയും കിറ്റുകൾ കൈമാറുകയും ചെയ്തിരുന്നു. കിറ്റ് വിതരണം സംബന്ധിച്ച് കാർഡുടമകളിൽനിന്ന് അന്വേഷണങ്ങൾ വരുന്നുണ്ട്. ഓണത്തിന് ഇനി ഏഴ് ദിവസം മാത്രമാണ് ശേഷിക്കുന്നത്. ബുധനാഴ്ചയോടെയെങ്കിലും കിറ്റിനുള്ള സാധനങ്ങൾ എത്തിച്ചാൽ മാത്രമേ വിതരണം വേഗത്തിൽ പൂർത്തിയാക്കാനാകൂ. സാധനങ്ങൾക്ക് വിലയുയർന്ന സാഹചര്യത്തിൽ അവശവിഭാഗങ്ങൾക്ക് സർക്കാർ കിറ്റ് മാത്രമാണ് ആശ്രയം. 8,99,598 കാർഡുടമകളാണ് ജില്ലയിലാകെയുള്ളത്. കഴിഞ്ഞ വർഷം ഒമ്പത് ലക്ഷത്തോളം കിറ്റുകൾ ജില്ലയിൽ കൊടുത്തിട്ടുണ്ട്.
ഈ വർഷം ഏറ്റവും കൂടുതൽ കിറ്റ് തയാറാക്കേണ്ടത് തൃശൂർ താലൂക്കിലാണ്. അതേസമയം, ജില്ലയിൽ സപ്ലൈകോയുടെ ഓണം ഫെയറുകളിൽ ആവശ്യത്തിന് സാധനങ്ങൾ എത്തിക്കാനായിട്ടുണ്ട്. അതേസമയം, സബ്സിഡി ഇനങ്ങളുടെ ക്ഷാമം തുടരുന്നുണ്ട്. ബുധനാഴ്ചയോടെ സബ്സിഡി ഇനങ്ങൾ എത്തിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

