മെഡിക്കൽ കോളജിൽ സ്ട്രോക്ക് സെന്റർ; 4.78 കോടി രൂപയുടെ ഭരണാനുമതി
text_fieldsമുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജിൽ 4.78 കോടി രൂപ വിനിയോഗിച്ച് കോംപ്രിഹെൻസിവ് സ്ട്രോക്ക് സെന്റർ സ്ഥാപിക്കുന്നതിന് ഭരണാനുമതിയായതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു. സംസ്ഥാന സർക്കാർ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ 2025-26 വർഷത്തെ പ്ലാൻ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് മെഡിക്കൽ കോളജിൽ സമഗ്രമായ മസ്തിഷ്കാഘാത കേന്ദ്രം സ്ഥാപിക്കുന്നതിന് 4.78 കോടി രൂപയുടെ ഭരണാനുമതിയായത്.
മസ്തിഷ്കത്തിന്റെ പ്രവർത്തനം പരിശോധിക്കുന്നതിനുള്ള അത്യാധുനിക ഉപകരണമായ വയർലെസ് ഇലക്ട്രോ എൻസെഫലോഗ്രാമുകൾ, നാഡീവ്യൂഹത്തിന്റെ പ്രവർത്തനം പഠിക്കുന്നതിനുള്ള മെഷീനുകൾ, അൾട്രാസൗണ്ട് സ്കാനിങ് മെഷീൻ, ന്യൂറോ സർജറിക്കായുള്ള വിവിധ ഉപകരണങ്ങൾ, നാല് ഐ.സി.യു ബെഡ്ഡുകളും അനുബന്ധ സംവിധാനങ്ങളും, അഞ്ച് വെന്റിലേറ്ററുകൾ, ഒരു പോർട്ടബിൾ വെന്റിലേറ്റർ, ആറ് ട്രോളികളും വീൽചെയറുകളും, കൂടാതെ സിവിൽ വർക്കുകൾക്കും എയർ കണ്ടീഷനിങിനുമായി 62 ലക്ഷം രൂപയും ചേർന്ന് ആകെ 4,78,32,819 രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതിയായത്.
പ്രവൃത്തി പൂർത്തീകരിച്ച് സ്ട്രോക്ക് സെന്റർ പ്രവർത്തനസജ്ജമാകുന്നതോടെ മസ്തിഷ്കാഘാതവും തലച്ചോറും നാഡീവ്യൂഹവും സംബന്ധിച്ച അത്യാധുനിക ചികിത്സ കൂടുതൽ ശേഷിയോടെയും കാര്യക്ഷമതയോടെയും ലഭ്യമാക്കുന്നതിന് തൃശൂർ മെഡിക്കൽ കോളജിന് സാധിക്കും.
മെഡിക്കൽ കോളജിൽ 199.41 കോടി രൂപ ചെലവിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കും, 279 കോടി രൂപ ചെലവിൽ മദർ ആൻഡ് ചൈൽഡ് ബ്ലോക്കും, 23.25 കോടി രൂപ ചെലവിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്കും ഉൾപ്പെടെ നിരവധി നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇവയുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നതെന്ന് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

