റോഡ് നിർമാണം കുടിവെള്ളം ലഭിച്ചിട്ട് 42 ദിവസം; കെ.എസ്.ടി.പിക്കെതിരെ രൂക്ഷവിമര്‍ശനം
text_fieldsഇരിങ്ങാലക്കുട: നഗരസഭ പരിധിയില്‍ കെ.എസ്.ടി.പി റോഡ് നിർമാണം നടക്കുന്നതിനാല്‍ പൊറുത്തിശ്ശേരി മേഖലയിലടക്കം കുടിവെള്ളം ലഭിച്ചിട്ട് 42 ദിവസങ്ങളോളം പിന്നിടുന്നു. നഗരസഭ ചെയര്പേഴ്സൻ മേരിക്കുട്ടി ജോയിയുടെ അധ്യക്ഷതയില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാത്ത കെ.എസ്.ടി.പി അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം.
തൃശൂര്‍-കൊടുങ്ങല്ലൂര്‍ റോഡ് നിര്‍മാണത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ പൈപ്പ് ഇടല് പുരോഗമിക്കുകയും ക്രൈസ്റ്റ് ജങ്ഷനില്‍ കുടിവെള്ള പൈപ്പ് കണക്ഷന് നല്‍കുന്നതിനായി പൊളിക്കുകയും ചെയ്തതോടെ നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ കുടിവെള്ളം കിട്ടാകനിയായി മാറുകയായിരുന്നു. എന്നാല്‍, വാട്ടര്‍ അതോറിറ്റി അധികൃതരെയോ മാധ്യമങ്ങളെയോ പോലും അറിയിക്കാതെയാണ് കഴിഞ്ഞ ആഴ്ച കെ.എസ്.ടി.പി ക്രൈസ്റ്റ് ജങ്ഷനില്‍ റോഡ് പൊളിച്ച് പൈപ്പ് കണക്ഷന് നല്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചത്. കരുവന്നൂര്‍ പുത്തന്‍തോട് വരെ റോഡ് നിർമാണം നടക്കുന്നിടത്ത് പൈപ്പ് ഇടല് പലയിടത്തും പൂര്‍ത്തീകരിക്കാത്തതിനാല്‍ ഇപ്പോഴും ഈ ഭാഗത്തേക്ക് കുടിവെള്ളം എത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് വാട്ടര്‍ അതോററ്റിക്കുള്ളത്.
ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാക്കുന്നതിനായി നഗരസഭ കൗണ്‍സില്‍ ഹാളില്‍ കെ.എസ്.ടി.പി അധികൃതരുടെ സൗകര്യം മാനിച്ച് തിങ്കളാഴ്ചയിലെ യോഗം ചൊവ്വാഴ്ചയിലേക്ക് മാറ്റി വെക്കുകയായിരുന്നു. എന്നാല്‍, ഈ യോഗത്തിലും കെ.എസ്.ടി.പിയുടെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കാതിരുന്നത് യോഗത്തിന് എത്തിയ ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കി. വാട്ടര്‍ അതോററ്റി ഉദ്യോഗസ്ഥര്‍ വരെ പലപ്പോഴും കെ.എസ്.ടി.പിയുടെ പ്രവൃത്തികള്‍ ആരംഭിക്കുന്നത് അറിയിക്കുന്നില്ലെന്നും പൈപ്പ് ഇടുന്നത് സംബന്ധിച്ച് എല്ലാ കാര്യങ്ങളും ചെയ്യുന്നത് കെ.എസ്.ടി.പിയാണെന്നും വാട്ടര്‍ അതോററ്റിയുടെ ആവശ്യങ്ങള്‍ അവരെ അറിയിച്ചിട്ടുണ്ടെന്നും ചൊവ്വാഴ്ച മുതല്‍ ക്രൈസ്റ്റ് ജങ്ഷനിലെ പ്രവൃത്തികള്‍ ആരംഭിക്കുമെന്നാണ് കരുതുന്നതെന്നും കുറച്ച് ദിവസങ്ങള്‍ക്ക് ഉള്ളില്‍ വെള്ളം വിടാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും വാട്ടര്‍ അതോററ്റി എക്സിക്യൂട്ടിവ് എൻജിനീയര്‍ യോഗത്തില്‍ അറിയിച്ചു.അഞ്ച് ദിവസത്തിനുള്ളില്‍ വെള്ളം വിതരണം ആരംഭിക്കാന്‍ സാധിക്കണമെന്ന ഉറപ്പിലും കെ.എസ്.ടി.പി അധികൃതര്‍ കാണിക്കുന്ന നിസ്സഹകരണം സ്ഥലം എം.എല്‍.എയും മന്ത്രിയുമായ ഡോ. ആര്. ബിന്ദുവിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും യോഗം തീരുമാനിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.