ആവേശത്തിൽ 38 ലക്ഷത്തിന് ലേലം വിളിച്ചു; ലേലമുറപ്പിക്കാതെ മുങ്ങി
text_fieldsഗുരുവായൂർ: ലേലത്തിനെത്തിയത് 179 പേർ. ലേലസംഖ്യ കുതിച്ചുകയറിയത് 38 ലക്ഷത്തിലേക്ക്. എന്നാൽ, കാര്യം നടക്കണമെങ്കിൽ പുനർലേലം നടത്തേണ്ട അവസ്ഥ.
ഗുരുവായൂർ നഗരസഭയുടെ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കുന്നതിന്റെ ലേലമാണ് 38 ലക്ഷത്തിലേക്ക് ഉയർന്നത്. ലൈബ്രറി ഹാളിൽ നടന്ന ലേലത്തിൽ മലപ്പുറം സ്വദേശി യാക്കൂബ് എന്ന് പേര് നൽകിയ ആളാണ് ഈ സംഖ്യക്ക് വിളിച്ചത്. കോഴിക്കോട്ടെ കെ.പി.എം ഓൾഡ് അയേൺ ട്രേഡേഴ്സ് ആണ് തൊട്ടടുത്ത സംഖ്യക്ക് വിളിച്ചത്- 25.55 ലക്ഷത്തിന്. 38 ലക്ഷത്തിന് വിളിച്ചയാൾക്ക് ലേലമുറപ്പിച്ചു. ലേലം കൊണ്ടയാൾ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മുമ്പ് ലേലതുകയുടെ മൂന്നിലൊന്ന് നഗരസഭയിൽ കെട്ടിവെക്കേണ്ടതുണ്ടായിരുന്നു. എന്നാൽ, സംഖ്യ അടക്കാൻ ആവശ്യപ്പെട്ട് നഗരസഭ എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ ഇയാൾ നൽകിയ മറുപടി താൻ ഒരു ആവേശത്തിന് വിളിച്ചതാണ് എന്നായിരുന്നു. സംഖ്യ അടച്ചതുമില്ല. ലേലത്തിൽ പങ്കെടുക്കാൻ ഇയാൾ കെട്ടിവെച്ച 12,500 രൂപ നഗരസഭക്ക് ലഭിക്കും. എന്നാൽ, പുനർലേലത്തിന് പരസ്യമടക്കമുള്ള നടപടികളിലേക്ക് കടക്കുമ്പോൾ നഷ്ടം നഗരസഭക്കാകും. ലേലം കൊണ്ടയാൾ പണം അടക്കാത്തതിനാൽ പുനർലേലം നടത്താനാണ് സാധ്യത. പുതിയ ബസ് സ്റ്റാൻഡ് കെട്ടിടവും ഷോപ്പിങ് സമുച്ചയവും നിർമിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ കെട്ടിടം പൊളിക്കുന്നത്. അപകടാവസ്ഥയിലാണെന്ന് 2010ൽ നഗരസഭ എൻജിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകിയതാണ് നിലവിലെ കെട്ടിടം. 1973ലാണ് ഈ കെട്ടിടം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

