Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:46 AM IST Updated On
date_range 13 May 2022 5:46 AM IST1586 പേർ വിരമിക്കുന്നു; നിയമനം വേണ്ടെന്ന് കെ.എസ്.ഇ.ബി
text_fieldsbookmark_border
പി.പി. പ്രശാന്ത് തൃശൂർ: കെ.എസ്.ഇ.ബിയിൽ നടപ്പു സാമ്പത്തികവർഷം വിരമിക്കുന്ന 1586 തസ്തികയിൽ പുതുനിയമനം ഉണ്ടായേക്കില്ല. ബോർഡിലെ പുനഃസംഘടനയുടെ ഭാഗമായി ചെലവുകുറക്കുന്നതിന് വേണ്ടിയാണിത്. ഈ മാസം ആദ്യവാരം ചേർന്ന കെ.എസ്.ഇ.ബി ലിമിറ്റഡിന്‍റെ ഡയറക്ടർമാരുടെ യോഗമാണ് കഴിഞ്ഞ 11 മുതലുള്ള വിരമിക്കൽ നിയമനങ്ങൾ മരവിപ്പിക്കുന്ന കാര്യം പരിഗണിക്കാൻ തീരുമാനിച്ചത്. തൊഴിൽ സംഘടനകളുമായും സർക്കാറുമായും മന്ത്രിയുമായും കൂടിയാലോചിച്ചാണ് അന്തിമ തീരുമാനമെടുക്കുക. കെ.എസ്.ഇ.ബി ലിമിറ്റഡിൽ നടപ്പാക്കിയ കമ്പ്യൂട്ടർവത്കരണത്തിന്റെയും നൂതന സാങ്കേതികവിദ്യകളുടെയും ഫലമായി നിലവിലെ ജീവനക്കാരുടെ എണ്ണവും ചെലവുകളും കുറക്കാനും അധികമായി കണ്ടെത്തുന്ന ജീവനക്കാരെ പുനർവിന്യസിക്കാനും റെഗുലേറ്ററി കമീഷൻ കെ.എസ്.ഇ.ബിക്ക് നിർദേശം നൽകിയിരുന്നു. കെ.എസ്.ഇ.ബി ലിമിറ്റഡിൽ നിലവിൽ ജോലി ചെയ്യുന്ന 33,000ത്തോളം ജീവനക്കാരിൽ 27,175 പേർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാനുള്ള തുക മാത്രമേ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷൻ അനുവദിച്ചിട്ടുള്ളൂ. മറ്റുള്ളവരുടെ ശമ്പള-ആനുകൂല്യ ചെലവ് താരിഫ് ഇനത്തിൽ കിട്ടാത്ത സാഹചര്യത്തിൽ ജീവനക്കാരുടെ എണ്ണം കുറക്കാനുള്ള വഴികൾ തേടുകയാണ് കെ.എസ്.ഇ.ബി. ബോർഡിലെ അനാവശ്യ തസ്തികകളെയും ചില ഓഫിസുകളിലെ അധിക ജീവനക്കാരെയും പുനഃക്രമീകരിക്കുക എന്നതാണ് ഇപ്പോൾ വിരമിക്കുന്നവർക്കു പകരം ആളെ നിയമിക്കേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അനാവശ്യ തസ്തികകൾ വഴി കോടിക്കണക്കിന് രൂപയാണ് പ്രതിമാസം നഷ്ടമാകുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള നടപടികൾക്ക് വിലക്ക് വരുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ. പുതുനിയമനം കാത്തിരുന്നവർക്കും നീക്കം തിരിച്ചടിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story