അശാസ്ത്രീയ കോൺക്രീറ്റ് റോഡ്; 15 വീട്ടുകാർ വെള്ളത്തിൽ
text_fieldsമണലൂർ കുന്നംപുള്ളി വീട്ടിൽ വിവേകാനന്ദന്‍റെ വീടിന് ചുറ്റുമുള്ള വെള്ളക്കെട്ട്
കാഞ്ഞാണി: അശാസ്ത്രീയമായി നിർമിച്ച കോൺക്രീറ്റ് റോഡ്മൂലം 15 വീട് വെള്ളക്കെട്ടിലായി. മണലൂർ പഞ്ചായത്ത് ആറാം വാർഡിലെ പാന്തോട് കിഴക്ക് കോഴിപ്പറമ്പിൽ റോഡിലെ കുന്നംപുള്ളി വീട്ടിൽ വിവേകാനന്ദന്‍റെ വീട് വെള്ളക്കെട്ടിലായി. കക്കൂസ് സൗകര്യങ്ങളും കിണറും ഉപയോഗിക്കാൻ പറ്റാത്ത നിലയിലാണ്. രണ്ട് മാസം മുമ്പ് നിർമിച്ച കോൺക്രീറ്റ് റോഡാണ് വെള്ളക്കെട്ടിന് കാരണമായത്.
പരിസരത്തെ മഴവെള്ളം ഒഴുകിപ്പോകുന്നതിന് ആവശ്യമായ പൈപ്പിടുകയോ മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യാതെയാണ് ഒരടി ഉയരത്തിൽ കോൺക്രീറ്റ് റോഡ് നിർമിച്ചത്. കനത്ത മഴ പെയ്യുന്നതോടെ ഈ പ്രദേശത്തെ 15 വീട്ടുകാർക്കും വെള്ളക്കെട്ടിന്‍റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. സമീപ പ്രദേശങ്ങളിലെ കുളങ്ങളും മറ്റു ജലേസ്രാതസ്സുകളും നികത്തിയതും വെള്ളക്കെട്ടിന് കാരണമായെന്ന് പ്രദേശവാസികൾ പറയുന്നു.
വരും ദിവസങ്ങളിൽ മഴ കനക്കുന്നതോടെ വലിയ പ്രയാസങ്ങളാണ് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അനുഭവിക്കേണ്ടിവരുക. വീടുകൾക്കു ചുറ്റും വെള്ളമുയരുന്നതിനാൽ കക്കൂസ് സൗകര്യങ്ങൾ സ്തംഭിക്കുന്നതോടെ വീട്ടുകാർ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറാൻ നിർബന്ധിക്കപ്പെടുകയാണ്.