വാസുപുരം ചക്കാലക്കടവ് പാലത്തിന് 11.60 കോടിയുടെ ഭരണാനുമതി
text_fieldsവാസുപുരം ചക്കാലക്കടവ്
കൊടകര: കുറുമാലിപ്പുഴയിലെ ചക്കാലക്കടവ് പാലം നിര്‍മാണത്തിന് 11. 60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതോടെ മേഖലയിലെ ജനം പ്രതീക്ഷയിലാണ്. മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം വര്‍ഷങ്ങളായി പ്രദേശവാസികളുടെ സ്വപ്നമാണ്. കുറുമാലിപുഴയിലെ ആറ്റപ്പിള്ളിക്കും മുപ്ലിയത്തിനുമിടയിലാണ് ചക്കാലക്കടവ്. മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരവും വരന്തരപ്പിള്ളി പഞ്ചായത്തിലെ മാഞ്ഞൂരുമാണ് കടവിന്റെ ഇരുകരകളിലുമായുള്ളത്. നേരത്തെ ഇവിടെയുണ്ടായിരുന്ന കടത്തുവഞ്ചിയെ ആശ്രയിച്ചാണ് ജനം പുഴ കടന്നിരുന്നത്. നന്തിപുലം, മാഞ്ഞൂര്‍ പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളടക്കമുള്ളവര്‍ വഞ്ചിയെ ആശ്രയിച്ചാണ് വാസുപുരത്തെത്തി കൊടകര, ചാലക്കുടി പ്രദേശങ്ങളിലേക്കെത്തിയിരുന്നത്. പിന്നീട് കടത്തുവഞ്ചി സർവിസ് നിലച്ചതോടെ ഇവരുടെ യാത്ര ദുരിതത്തിലായി.
വേനല്‍ക്കാലത്ത് ചക്കാലക്കടവില് നിർമിക്കുന്ന താല്‍ക്കാലിക മണ്‍ചിറക്ക് മുകളിലൂടെ കാല്‍നടയാത്ര സാധ്യമായിരുന്നു. എന്നാല്‍ ഏതാനും വര്‍ഷം മുമ്പ് ചിറയോട് ചേര്‍ന്നുള്ള കലുങ്കുപാലത്തിന്റെ സ്ലാബ് തകര്‍ന്നതോടെ ഇതും നിലച്ചു. ഇപ്പോള്‍ മാഞ്ഞൂര്‍, നന്തിപുലം പ്രദേശത്തുള്ളവര്‍ക്ക് മറ്റത്തൂരിലേക്കോ കൊടകരയിലേക്കോ എത്തണമെങ്കില്‍ കിലോമീറ്ററുകള്‍ ചുറ്റിവളയേണ്ട ഗതികേടാണ്. ചക്കാലക്കടവില് പാലം നിർമിക്കണമെന്ന് നാലുപതിറ്റാണ്ട് മുമ്പേയുള്ള ആവശ്യമാണ്. കെ.കെ.രാമചന്ദ്രന് എം.എല്‍.എ മുന്‍കൈയെടുത്താണ് പാലത്തിനായുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തീകരിച്ചത്. മറ്റത്തൂര്‍, നന്തിപുലം വില്ലേജുകളിലായി 6.9 ആര്‍സ് ഭൂമിയാണ് പാലം നിർമാണത്തിനായി ഏറ്റെടുക്കുന്നത്. ഇതിന് റവന്യൂ വകുപ്പിന്റെ അനുമതി ലഭിച്ചതായി കെ.കെ.രാമചന്ദ്രന് എം.എല്‍.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

