കെ.പി.സി.സി സെക്രട്ടറി; തൃശൂർ ജില്ലയിൽ നിന്ന് 11 പേർ
text_fieldsതൃശൂർ: അവഗണിക്കപ്പെടുന്നുവെന്ന വിമർശനങ്ങൾക്കുള്ള മറുപടികൂടിയാണ് കെ.പി.സി.സിയുടെ പുതിയ ഭാരവാഹിപ്പട്ടികയിലെ യുവമുഖങ്ങളുടെ ഇടംനേടൽ. കെ.പി.സി.സി സെക്രട്ടറിമാരിൽ ജില്ലയിൽനിന്ന് 11 പേരാണ് ഇടംനേടിയത്.
എല്ലാവരും യുവനിരയിൽനിന്നുള്ളതാണെന്നതും ഇതിന് മികവുകൂട്ടുന്നു. മുൻ കെ.പി.സി.സി സെക്രട്ടറിയായിരുന്ന ടി.യു. രാധാകൃഷ്ണൻ, ഡി.സി.സി വൈസ് പ്രസിഡൻറുമാരായ രാജേന്ദ്രൻ അരങ്ങത്ത്, ജോസ് വള്ളൂർ, ജനറൽ സെക്രട്ടറിമാരായ ഷാജി കോടങ്കണ്ടത്ത്, സുനിൽ അന്തിക്കാട്, സി.സി. ശ്രീകുമാർ, സി.എസ്. ശ്രീനിവാസ്, എ. പ്രസാദ്, ജോൺ ഡാനിയേൽ, ടി.ജെ. സനീഷ്കുമാർ, കെ.ബി. ശശികുമാർ എന്നിവരാണ് തൃശൂരിൽനിന്ന് പട്ടികയിൽ ഇടംനേടിയത്.
പട്ടികയിലുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്ന മുൻ എം.എൽ.എമാരായ പി.എ. മാധവൻ, ടി.വി. ചന്ദ്രമോഹൻ എന്നിവരും ഡി.സി.സി വൈസ് പ്രസിഡൻറ് ജോസഫ് ടാജറ്റും പുറത്തായി.
എന്നാൽ, പി.എ. മാധവന് നിയമസഭ സീറ്റ് വാഗ്ദാനമുണ്ടെന്നാണ് പറയുന്നത്. ജോസഫ് ടാജറ്റിനെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്. തകർന്നുകിടക്കുന്ന ജില്ലയിലെ സംഘടനാസംവിധാനത്തിന് ഈ യുവനിരയുടെ നേതൃത്വം പുതിയ ഊർജംനൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാഥനില്ലാതെ കിടന്ന ഡി.സി.സിക്ക് എം.പി. വിൻസെൻറിനെ പ്രസിഡൻറാക്കിയും യുവനിരയെ സംസ്ഥാന നേതൃപദവിയിലേക്ക് പരിഗണിച്ചതിലൂടെ അസംതൃപ്തരെ കുറക്കാനായെന്നതും നേട്ടമാണ്. ദേശീയപാത വിഷയങ്ങളിലടക്കം ജനകീയവിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ഷാജി കോടങ്കണ്ടത്ത് വിമാനത്താവളങ്ങളിൽ ചായക്ക് വില കൂടുതൽ ഈടാക്കുന്നുവെന്ന് പ്രധാനമന്ത്രിക്ക് പരാതി അയച്ച് പരിഹാരമുണ്ടാക്കിയതിലൂടെ ശ്രദ്ധനേടിയിരുന്നു.
കോർപറേഷനിലെ പ്രതിപക്ഷത്തെ ഉശിരൻമുഖങ്ങളാണ് ജോൺ ഡാനിയേലും എ. പ്രസാദും. മെഡിക്കൽ കോളജ് വികസനസമിതിയംഗമെന്ന നിലയിലും തദ്ദേശ സ്ഥാപനങ്ങളിെല കോൺഗ്രസ് ജനപ്രതിനിധികളുടെ ഉപസമിതി ചെയർമാൻ എന്ന നിലയിലും ഇടപെടൽ നടത്തുന്നയാളാണ് രാജേന്ദ്രൻ അരങ്ങത്ത്, സംഘടനാരംഗത്ത് പാർട്ടിയുടെ ചാലകശക്തികളാണ് ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് കൂടിയായ സി.സി. ശ്രീകുമാറും ഡി.സി.സി വൈസ് പ്രസിഡൻറ് കൂടിയായ ജോസ് വള്ളൂരും.
തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെയെത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുമുള്ള ഒരുക്കങ്ങളിലേക്ക് കടന്നുകഴിഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും നേരിട്ടത് കനത്ത തിരിച്ചടിയായിരുന്നു. ഇത് മറികടക്കാൻ പുതിയ നേതൃത്വത്തിലൂടെ കഴിയുമെന്ന് പാർട്ടി കരുതുന്നു.
ജോസഫ് ടാജറ്റിനെ കൂടാതെ മുതിർന്ന നേതാക്കളായ തേറമ്പിൽ രാമകൃഷ്ണൻ, മുൻ മന്ത്രി കെ.പി. വിശ്വനാഥൻ എന്നിവരെയും കെ.പി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

