എരുമപ്പെട്ടി ഗവ. എൽ.പി സ്കൂളിൽ 101പേർക്കുകൂടി ഭക്ഷ്യ വിഷബാധ
text_fieldsഎരുമപ്പെട്ടി: ഗവ. എൽ.പി സ്കൂളിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ കൂടുതൽ വിദ്യാർഥികൾ തിങ്കളാഴ്ച വിവിധ ആശുപത്രികളിൽ ചികിത്സ തേടി. വിഷബാധയുടെ ചെറിയ ലക്ഷണങ്ങൾ വരെ കണ്ടവരിൽ നടത്തിയ വിവരശേഖരണത്തിൽ 101 വിദ്യാർഥികൾക്കുകൂടി വിഷബാധയേറ്റതായി കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ 53 വിദ്യാർഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നത്. ഇതോടെ ചികിത്സക്കെത്തിയ വിദ്യാർഥികളുടെ എണ്ണം 154 ആയി. 10 വിദ്യാർഥികൾ ഇപ്പോഴും ചികിത്സയിലാണ്.
എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പനി, ഛർദി, വയറിളക്കം തുടങ്ങിയ അസുഖ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ഏത് ഭക്ഷണത്തിൽ നിന്നാണ് വിഷബാധ ഉണ്ടായതെന്ന് മനസ്സിലാക്കാൻ ഇതുവരെയും ആരോഗ്യ വകുപ്പ് അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
സ്കൂളിലെ അവസാന പ്രവൃത്തി ദിവസമായ കഴിഞ്ഞ വ്യാഴാഴ്ച കുട്ടികൾക്ക് നൽകിയ ഉച്ചഭക്ഷണം, പാൽ, കുടിവെള്ളം എന്നിവയിൽ ഏതാണ് വിഷബാധക്ക് കാരണമായതെന്ന സംശയം നിലനിൽക്കുകയാണ്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർഥിയുടെ മലം പരിശോധനയിൽ അമീബ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പല കുട്ടികളിൽനിന്നും കൾച്ചർ ചെയ്ത് പരിശോധിക്കാൻ രക്തം, മലം, മൂത്രം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
ഇവയുടെ പരിശോധന ഫലം 42 മുതൽ 72 മണിക്കൂർ കഴിഞ്ഞേ ലഭിക്കൂ. സ്കൂൾ കിണറ്റിലെയും ടാങ്കിലെ വെള്ളത്തിന്റെയും ഭക്ഷണത്തിന് ഉപയോഗിച്ച അരിയുടെയും സാമ്പിളുകൾ ശേഖരിച്ച് ആരോഗ്യ വകുപ്പ് പരിശോധനക്ക് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ സ്കൂളിൽ പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പൊലീസ്, ഭക്ഷ്യ സുരക്ഷ അധികൃതർ എന്നിവർ പങ്കെടുത്ത പി.ടി.എ എക്സിക്യൂട്ടിവ് യോഗം ചേരുകയും സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. പഞ്ചായത്ത് ഹരിത കർമസേന നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്ക് എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. എ.കെ. ടോണി നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.