മൃതദേഹം കൊണ്ടുപോകാൻ 10,000 രൂപ; സ്വകാര്യ ആംബുലൻസുകാരുടെ പിടിച്ചുപറി
text_fieldsതൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിൽനിന്ന് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കുന്നതിന് സ്വകാര്യ ആംബുലൻസ് 10,000 രൂപ വാങ്ങിയെന്ന് പരാതി. കൊടകരയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ യു.പി സ്വദേശിനിയുടെ മൃതദേഹം കൊണ്ടുപോകാനാണ് സ്വകാര്യ ആംബുലൻസുകാർ പിടിച്ചുപറി നടത്തിയത്. നിയമപ്രകാരം 2,708 രൂപ മാത്രമേ ഈടാക്കാവൂ.
കൂടിയ കൂലി വാങ്ങിയതിന് തെളിവുസഹിതം പൊതുപ്രവർത്തകൻ അജിത് കൊടകരയാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തൃശൂർ ആർ.ടി.ഒയോട് അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കാൻ നിർദേശിച്ചെങ്കിലും അന്വേഷണം മുന്നോട്ട് പോയില്ല.
കൊടകര മനക്കുളങ്ങരയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന യു.പി സ്വദേശി അമിത്തിന്റെ ഭാര്യ ഗുജൻബീവിയെയാണ് (26) നവംബർ 27ന് വീട്ടിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. വഴിയോരത്ത് കരിമ്പ് ജ്യൂസ് വിറ്റ് ജീവിക്കുകയായിരുന്നു ദമ്പതിമാർ.
29ന് പോസ്റ്റുമോർട്ടവും മറ്റ് നടപടികളും പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിൽ നെടുമ്പാശ്ശേരിയിൽ ഇറക്കിയപ്പോഴാണ് 10,000 രൂപ ആവശ്യപ്പെട്ടത്. പണം ഗൂഗിൾ പേ വഴി നൽകുകയും ചെയ്തു. മൃതദേഹം എംബാം ചെയ്യാനെന്ന പേരിൽ ഇടനിലക്കാർ 5,350 രൂപയും ഇൻക്വസ്റ്റിനെന്ന പേരിൽ 13,500 രൂപയും വാങ്ങിയതായി പരാതിയുണ്ട്.

